Sorry, you need to enable JavaScript to visit this website.

മമത വിളിച്ച പ്രതിപക്ഷ യോഗത്തില്‍ ടി.ആര്‍.എസ് പങ്കെടുക്കില്ല

ന്യൂദല്‍ഹി- രാഷ്ട്രപതി തെരഞ്ഞെടുപ്പിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി വിളിച്ച പ്രതിപക്ഷ യോഗത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന് തെലങ്കാന രാഷ്ട്ര സമിതി (ടി.ആര്‍.എസ്) തീരുമാനം.

യോഗത്തിലേക്ക് മമതാ ബാനര്‍ജി കോണ്‍ഗ്രസിനേയും ക്ഷണിച്ചതാണ് ടി.ആര്‍.എസിനെ ചൊടിപ്പിച്ചത്. കോണ്‍ഗ്രസുമായി വേദി പങ്കിടാന്‍ തയാറല്ലെന്ന് വ്യക്തമാക്കിയാണ് ടി.ആര്‍.എസ് യോഗം ബഹിഷ്‌കരിക്കുന്നത്.

ബി.ജെ.പിയില്‍നിന്നും കോണ്‍ഗ്രസില്‍നിന്നും തുല്യ അകലം പാലിക്കുമെന്ന് നേരത്തെ പാര്‍ട്ടി വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷ യോഗം ബഹിഷ്‌കരിക്കുമെങ്കിലും രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് പാര്‍ട്ടി തീരുമാനമെടുത്തിട്ടില്ല.  ഇന്ന് ചേരുന്ന യോഗത്തില്‍ അരവിന്ദ് കെജ് രിവാളിന്റെ നേതൃത്വത്തിലുളള ആം ആദ്മിയും പങ്കെടുക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാകാന്‍ ഇല്ലെന്ന് എന്‍.സി.പി നേതാവ് ശരത് പവാര്‍ വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ പേരാണ് ശരത് പവാര്‍ മുന്നോട്ട് വെച്ചത്. മുംബൈയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന എന്‍.സി.പി യോഗത്തിലാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താനില്ലെന്ന് പവാര്‍ വ്യക്തമാക്കിയത്.
എന്നാല്‍ ഗുലാം നബി ആസാദിന്റെ കാര്യത്തില്‍ കോണ്‍ഗ്രസില്‍ തന്നെ ഏക അഭിപ്രായം ഉണ്ടാകാന്‍ സാധ്യതയില്ല. മാത്രമല്ല, ഇടതുപക്ഷവും മറ്റൊരു സ്ഥാനാര്‍ഥിയെയാണ് നിര്‍ദേശിക്കുന്നത്. ദല്‍ഹിയില്‍ ഇന്നു ചേരുന്ന പ്രതിപക്ഷ കക്ഷികളുടെ യോഗത്തില്‍ ഇതുസംബന്ധിച്ചു കൂടുതല്‍ തീരുമാനം ഉണ്ടാകും. രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള പ്രതിപക്ഷ നയം തീരുമാനിക്കുന്നതിനായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വിളിച്ച് ചേര്‍ക്കുന്ന യോഗത്തില്‍ കോണ്‍ഗ്രസും സി.പി.എമ്മും പങ്കെടുക്കും. കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് മുതിര്‍ന്ന നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജയറാം രമേശ്, ഗുലാം നബി ആസാദ് എന്നിവര്‍ യോഗത്തിനെത്തും. യോഗത്തില്‍ പങ്കെടുക്കണം എന്ന് അഭ്യര്‍ഥിച്ച് മമത ബാനര്‍ജി എല്ലാ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും കത്ത് നല്‍കിയിരുന്നു.
    മമത വിളിച്ച യോഗത്തില്‍ ഇടതുപക്ഷവും പങ്കെടുക്കും. സി.പി.എമ്മില്‍ നിന്ന് സീതാറാം യെച്ചൂരിയും സി.പി.ഐയില്‍ നിന്ന് ഡി. രാജയും പങ്കെടുക്കില്ല. പകരം ഇരു പാര്‍ട്ടികളും പ്രതിനിധികളെ അയക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇന്നലെ മമത ബാനര്‍ജി എന്‍.സി.പി നേതാവ് ശരത് പവാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അടുത്ത മാസം പതിനെട്ടിനാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുന്നത്.


    

 

Latest News