കൊച്ചി- പീഡനപരാതി നൽകി നടിയുടെ പേര് വെളിപ്പെടുത്തിയ കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമാണു കേസെടുത്തിരിക്കുന്നതെന്നു വിലയിരുത്തിയതിനെ തുടർന്നാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഹർജി തള്ളിയത്. അതിനിടെ വിജയ് ബാബുവിന് എതിരായ പീഡനക്കേസിൽ ഇന്നും വാദം തുടരും. ഇന്നലെ സർക്കാർ വാദം പൂർത്തിയായി. വിജയ് ബാബുവിന്റെ അഭിഭാഷകന്റെ വാദം ഇന്നും തുടരും. കേസിലെ നടപടി ക്രമങ്ങൾ ഇന്നലെയും രഹസ്യമായാണു നടത്തിയത്. വിജയ് ബാബുവിന്റെ അറസ്റ്റ് വിലക്കിയ ഇടക്കാല ഉത്തരവിന്റെ കാലാവധിയും ഇന്നുവരെ നീട്ടിയിട്ടുണ്ട്.
ഏപ്രിൽ 22നാണ് നടി പരാതി നൽകിയത്. മാർച്ച് 16ന് ഡി ഹോംസ് സ്യൂട്ട്‌സ് അപ്പാർട്ട്‌മെന്റിൽ വച്ചും മാർച്ച് 22ന് ഒലിവ് ഡൗൺ ടൗൺ ഹോട്ടലിൽ വച്ചും പീഡിപ്പിച്ചെന്നാണ് പരാതി. ഇതിനുപിന്നാലെ ഫേസ്ബുക്ക് ലൈവിലെത്തിയ വിജയ് ബാബു നടിയുടെ പേര് വെളിപ്പെടുത്തുകയായിരുന്നു. പരാതിക്കാരിക്ക് പലപ്പോഴായി പണം നൽകിയിട്ടുണ്ടെന്നും സിനിമയിൽ കൂടുതൽ അവസരം വേണമെന്ന ആവശ്യം താൻ നിരസിച്ചതോടെയാണ് ബലാത്സംഗ പരാതിയുമായി രംഗത്തെത്തിയതെന്നുമാണ് ലൈവിൽ ആരോപിച്ചു.