ന്യൂദല്‍ഹി- വിഡിയോകോണ്‍ ഗ്രൂപ്പിന് ക്രമവിരുദ്ധമായി 3,250 കോടി രൂപ വായ്പ നല്‍കിയതുമായി ബന്ധപ്പെട്ട കേസില്‍ കുരുങ്ങിയ ഐസിഐസിഐ ബാങ്ക് എംഡിയും സിഇഒയുമായ ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപ് കൊച്ചാറും വിഡിയോകോണ് ഗ്രൂപ്പ് ഉടമ വേണുഗോപാല്‍ ദൂതും വിദേശത്തേക്ക് കടക്കുന്നത് തടയാന്‍ സിബിഐ രാജ്യത്തെ എല്ലാ എയര്‍പോര്‍ട്ടുകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി. സിബിഐ പ്രാഥമികാന്വേഷണം നടത്തുന്ന കേസില്‍ മൂവരേയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനു തൊട്ടുപിറകെയാണ് ഇവര്‍ വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ചാല്‍ അറിയിക്കണമെന്ന് സിബിഐ നിര്‍ദേശം നല്‍കിയത്.
ദീപക് കൊച്ചാറിനും വേണുഗോപാല്‍ ദൂതിനുമെതിരെ സിബിഐ ലുക്കൗട്ട് ഉത്തരവ് ഇറക്കി. ഇതു പ്രകാരം അധികൃതരെ അറിയികകാതെ ഇവര്‍ക്കു രാജ്യം വിടാനാവില്ല. എയര്‍പോര്‍ട്ടുകളില്‍ ഇമിഗ്രേഷന്‍ വിഭാഗം പ്രതികളെ പിടിച്ചുവച്ച് ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് വിവരം നല്‍കും. എന്നാല്‍ ഇവര്‍ക്കെതിരെ സിബിഐ കേസ് രജിസറ്റര്‍ ചെയ്തിട്ടില്ല എന്നതിനാലും അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നതിനാലും ഇമിഗ്രേഷന്‍ വിഭാഗം ഇവരെ പിടികൂടിയേക്കില്ല എന്നും പറയപ്പെടുന്നു. വിവരം കൈമാറുക മാത്രമെ ചെയ്യൂ.
ബാങ്കുകളില്‍ നിന്നും കോടികള്‍ വായ്പയെടുത്തു തട്ടി വന്‍കിട വ്യവസായികള്‍ രാജ്യം വിടുന്നത് പതിവായതാണ് ഇത്തരമൊരു നീക്കത്തിന് സിബിഐയെ പ്രേരിപ്പിച്ചത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും പതിനായിരത്തിലേറെ കോടികള്‍ തട്ടിയ മുങ്ങിയ വ്യവസായി നീരവ് മോഡിക്ക് സിബിഐ നിരവധി തവണ നോട്ടീസ് അയച്ചെങ്കിലും ഹോങ്കോങില്‍ നിന്നും തിരിച്ചു വരാന്‍ ഇതുവരെ തയാറായിട്ടില്ല. നേരത്തെ കോടികള്‍ തട്ടിയ വ്യവസായി വിജയ് മല്യ, ലളിത് മോഡി എന്നിവര്‍ ബ്രിട്ടനിലാണ്.