തിരുവല്ല- വിവാഹത്തിനുശേഷം ഭര്‍ത്താവ് വിഘ്‌നേഷ് ശിവനൊപ്പം അമ്മയെ കാണാന്‍ നാട്ടിലെത്തി നയന്‍താര. നയന്‍താരയുടെ അമ്മ വിവാഹത്തില്‍ പങ്കെടുത്തിരുന്നില്ല. അതിനാല്‍ അമ്മയുടെ അനുഗ്രഹം വാങ്ങാനായി കേരളത്തിലേക്ക് എത്തിയതാണ് ഇരുവരും. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ നവദമ്പതികള്‍ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല. ഏതാനും ദിവസങ്ങള്‍ ദമ്പതികള്‍ കേരളത്തില്‍ തങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മധ്യ തിരുവിതാംകൂറിന്റെ സ്‌പെഷ്യല്‍ വിഭവങ്ങളൊരുക്കി മണവാളന് സല്‍ക്കാരങ്ങള്‍ നടത്താം. നീണ്ട കാലത്തെ പ്രണയത്തിനൊടുവിലാണ് നിര്‍മാതാവും സിനിമസംവിധായകനുമായ വിഘനേഷ് ശിവനും നയന്‍താരയും വിവാഹിതരായത്. കഴിഞ്ഞദിവസം തിരുപ്പതി ക്ഷേത്രത്തിലും ദമ്പതികള്‍ ദര്‍ശനം നടത്തിയിരുന്നു. ക്ഷേത്രത്തിനകത്ത് ചെരുപ്പ് ധരിച്ചുകയറിയതും ഫോട്ടോഷൂട്ട് നടത്തിയതും വിവാദമായിരുന്നു. തുടര്‍ന്ന് ഇരുവരും ക്ഷമാപണവുമായി രംഗത്തെത്തിയിരുന്നു. കൊച്ചി വിമാനത്താവളത്തില്‍ വന്നിറങ്ങിയ നയന്‍സ് ഗോള്‍ഡന്‍ ചൂരിദാര്‍ ധരിച്ചപ്പോള്‍ വിഘ്‌നേഷ് ബ്ലാക്ക് ഷര്‍ട്ടാണ് അണിഞ്ഞത്. കേരള മുഖ്യമന്ത്രി പിണറായി കറുപ്പിന് വിലക്ക് പ്രഖ്യാപിച്ച വേളയില്‍ ബ്ലാക്ക് ഡ്രസിലെത്തിയ മണവാളനെ അനുകൂലിച്ചും തമാശയാക്കിയും സമൂഹ മാധ്യമങ്ങളില്‍ കമന്റുകള്‍ പ്രവഹിക്കുന്നു.