തിരുപ്പതി- തിരുപ്പതി ക്ഷേത്രത്തിലെ ചട്ടങ്ങൾ ലംഘിച്ചതിന് ക്ഷമ ചോദിച്ച് വിഘ്നേഷ്- നയൻസ് ദമ്പതികൾ. തിരുപ്പതി ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം നവദമ്പതികൾ ദർശനം നടത്തിയ വിഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെയാണ് ക്ഷേത്രത്തിനകത്ത് ചെരിപ്പ് ധരിച്ചുകയറിയത് വിവാദമായത്.
തുടർന്ന് നിയമങ്ങൾ ലഘിച്ചതിന് തിരുപ്പതി ക്ഷേത്ര ബോർഡ് ദമ്പതികൾക്ക് വക്കീൽ നോട്ടീസ് അയച്ചു. ചെരിപ്പ് ധരിച്ച് കയറിയത് അബദ്ധത്തിൽ സംഭവിച്ചതാണെന്ന് തിലുമല തിരുപ്പതി ദേവസ്ഥാനം ബോർഡിനയച്ച കത്തിൽ വിഘ്നേഷ് ശിവൻ പറഞ്ഞു.
വിവാഹം തിരുപ്പതിയിൽ നടത്തണമെന്നായിരുന്നു ആഗ്രഹം. എന്നാൽ കോവിഡ് നിയന്ത്രണങ്ങൾ കാരണം ചെന്നൈയിൽ വെച്ചു നടത്തേണ്ടിവന്നു. വിവാഹം സമ്പൂർണമാക്കാൻ വിവാഹവേദിയിൽ നിന്ന് നേരിട്ട് ക്ഷേത്രത്തിലെത്തിയതായിരുന്നെന്ന് വിഘ്നേഷ് കത്തിൽ പറയുന്നു.
ആ നിമിഷത്തിന്‍റെ ഓർമ്മക്കായി ഫോട്ടോ എടുക്കാൻ ആഗ്രഹിച്ചു. എന്നാൽ തിക്കും തിരക്കും കാരണം ക്ഷേത്രത്തിന് പുറത്തേക്ക് വരേണ്ടി വന്നു. തുടർന്ന് തിരക്ക് കുറഞ്ഞപ്പോൾ ക്ഷേത്രത്തിനകത്തേക്ക് വീണ്ടും കയറിയപ്പോൾ ധൃതിയിൽ ചെരുപ്പ് ധരിച്ചത് മറന്നുപോയതാണെന്നും അദ്ദേഹം പറഞ്ഞു. തങ്ങൾ എപ്പോഴും ക്ഷേത്രത്തിൽ പോകുന്നവരാണെന്നും തികഞ്ഞ ദൈവവിശ്വാസികളാണെന്നും സംഭവത്തിൽ നിരുപാധികം മാപ്പുപറയുന്നതായും കത്തിൽ വ്യക്തമാക്കി.
തിരുപ്പതിക്ഷേത്രത്തിൽ പാദരക്ഷൾ ധരിക്കുന്നതിനും ക്ഷേത്രത്തിനകത്ത് ഫോട്ടോ എടുക്കുന്നതിനും വിലക്കുള്ളതായി തിലുമല തിരുപ്പതി ദേവസ്ഥാനം ബോർഡ് ചീഫ് വിജിലൻസ് സെക്യൂരിറ്റി ഓഫീസർ പറഞ്ഞു.
ആറുവർഷത്തെ പ്രണയത്തിനൊടുവിലാണ് വിഘ്നേഷും നയൻതാരയും വിവാഹിതരായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹചടങ്ങ് സൂപ്പർ താരങ്ങളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു.