റാഞ്ചി- ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയില്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ട രണ്ടു പേരും മുഹമ്മദ് നബിയെക്കുറിച്ചുള്ള വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ വെള്ളിയാഴ്ച നടന്ന പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തിട്ടില്ലെന്ന് കുടുംബാംഗങ്ങള്‍ അവകാശപ്പെട്ടു.
മുഹമ്മദ് മുദ്ദസിര്‍ കൈഫി, മുഹമ്മദ് സാഹില്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. രണ്ട് ഡസനിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ ബി.ജെ.പി നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമുന്നയിച്ചായിരുന്നു വെള്ളിയാഴ്ച ജുമുഅക്ക് ശേഷം പ്രതിഷേധ പ്രകടനം.
കൊല്ലപ്പെട്ട സാഹില്‍ വെള്ളിയാഴ്ചത്തെ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തിട്ടില്ലെന്ന് സഹോദരന്‍ ശാക്കിബ് അന്‍സാരി പറഞ്ഞു.
സഹോദരന്‍ ജുമുഅ നമസ്‌കാരത്തിന് ശേഷം റാഞ്ചി മെയിന്‍ റോഡിലേക്ക് കുറച്ച് ജോലിക്കായാണ് പോയിരുന്നത്. പ്രകടനത്തിന്റെ ഭാഗമല്ലായിരുന്നു. പക്ഷേ വെടിയുണ്ടയേറ്റ് മരിച്ചു-അന്‍സാരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പ്രകനടത്തിന്റെ ഭാഗമല്ലാത്ത പ്രായപൂര്‍ത്തിയാകാത്ത മകന് എങ്ങനെ വെടിയേറ്റുവെന്ന് അറിയില്ലെന്ന് കൈഫിയുടെ പിതാവ് മുഹമ്മദ് പര്‍വേസും പറഞ്ഞു.
ആശുപത്രി രേഖകള്‍ പ്രകാരം കൈഫിക്ക് 22 ഉം സാഹിലിന് 24 ഉം വയസ്സായിരുന്നുവെന്ന് സ്‌റ്റേറ്റ് രാജേന്ദ്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (റിംസ്) പി.ആര്‍.ഒ ഡി കെ സിന്‍ഹ പറഞ്ഞു. വെടയേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച ഇവര്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ 13 പേര്‍ റിംസില്‍ ചികിത്സയിലാണ്.
റാഞ്ചി ജില്ലയിലെ സുഖ്‌ദേവ് നഗര്‍, ലോവര്‍ ബസാര്‍, ഡെയ്‌ലി മാര്‍ക്കറ്റ്, ഹിന്ദ്പിഡി എന്നിവയുള്‍പ്പെടെ 12 പോലീസ് സ്‌റ്റേഷന്‍ പരിധികളിലും ഹസാരിബാഗ്, രാംഗഡ് ജില്ലകളിലും സിആര്‍പിസി സെക്ഷന്‍ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ 2500 ഓളം സുരക്ഷാ ഉദ്യോഗസ്ഥരെയും ഈ പ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
മുഹമ്മദ് നബിയെക്കുറിച്ചുള്ള വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ബിജെപി വക്താവ് നൂപുര്‍ ശര്‍മയെയും ദല്‍ഹി മീഡിയ സെല്‍ തലവന്‍ നവീന്‍ ജിന്‍ഡാലിനെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം തുടരുന്നത്.