കൊല്ലം- നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്ന് നടൻ ഭീമൻ രഘു. സുഹൃത്തെന്ന നിലയിലും കലാകാരനെന്ന നിലയിലും ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടെന്ന് വിശ്വസിക്കുന്നില്ല, സുഹൃത്തുക്കൾ ചിലപ്പോൾ വഴി തെറ്റിക്കാൻ സാധ്യതയുണ്ടെന്നും ഒരു അഭിമുഖത്തിൽ ഭീമൻ രഘു പറഞ്ഞു.
ദിലീപ് തെറ്റ് ചെയ്തു എന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ല. ദിലീപിന്റെ കൂടെ ഒരുപാട് പടത്തിൽ വർക്ക് ചെയ്തിട്ടുണ്ട്. അതിലൊക്കെ ഒരു ആർട്ടിസ്റ്റ് എന്നതിനപ്പുറം ഒരു അനിയനായിട്ടാണ് എന്നോട് പെരുമാറിയിട്ടുള്ളത്. അങ്ങനെ അവനിൽ നിന്നൊരു തെറ്റ് വരുമെന്ന് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. പിന്നെ സുഹൃത്തുക്കൾ ചിലപ്പോൾ വഴി തെറ്റിച്ചേക്കാം. അഴുക്ക് ചാലിലൂടെ നടക്കുമ്പോൾ അഴുക്ക് പുരളാൻ സാധ്യതയുണ്ട്. അല്ലാതെ ഇവന് സ്വന്തമായി ചെയ്യാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. അത്രമാത്രം അറിയാവുന്നത് കൊണ്ട് പറയുന്നതാണ്. ഈ സംഭവത്തിന് ശേഷം ദിലീപിനെ വിളിക്കുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ പ്രാവശ്യം എറണാകുളത്ത് പോയപ്പോൾ വീട്ടിൽ പോയിരുന്നു,' ഭീമൻ രഘു പറഞ്ഞു.
പത്രത്തിലും സോഷ്യൽ മീഡിയയിലും കാണുന്നത് അവർക്ക് വേണ്ടി ബൂസ്റ്റ് ചെയ്യുന്ന സാധനങ്ങളാണ്. എന്താണ് സത്യാവസ്ഥ എന്നതിലേക്ക് ഇവരാരും വന്നിട്ടില്ല. കോടതിയിൽ എന്താണ് നടക്കുന്നത്. കേസന്വേഷണത്തിലാണെങ്കിലും തടസങ്ങൾ നേരിടുന്നു. ഏതാണ് സത്യം ഏതാണ് അല്ലാത്തതെന്ന് നമുക്ക് പറയാൻ പറ്റുന്നില്ല. ഒരു കലാകാരനെന്ന നിലയിലും സുഹൃത്ത് എന്ന നിലയിലും ദിലീപ് കുറ്റം ചെയ്‌തെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അന്വേഷണം ശരിയായ വഴിക്കാണോയെന്ന് നിയമമാണ് പറയേണ്ടത്. ദിലീപും വല്ലാത്തൊരു അവസ്ഥയിലിരിക്കുകയാണ്. കേസൊക്കെ കഴിഞ്ഞിട്ട് രണ്ട് മൂന്ന് പടം ചെയ്യാമെന്നാണ് ഞാൻ ദിലീപിനോട് പറയാറുള്ളത്. നിന്റെ പടത്തിനായി കോമഡിയൊക്കെ റെഡിയാക്കി വെച്ചിട്ടുണ്ടെന്ന് പറയും. ചേട്ടൻ സമാധാനപ്പെട് നമുക്ക് ചെയ്യാമെന്ന് അവനും പറയും,' അദ്ദേഹം കൂട്ടിച്ചേർത്തു.