മുംബൈ- ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് നടത്തുന്ന ഒ.ടി.പി ഇല്ലാതെയുള്ള പണമിടപാട് പരിധി ഉയര്‍ത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഓട്ടോ ഡെബിറ്റ് പരിധി 5,000 രൂപയില്‍നിന്ന് 15,000 രൂപയായാണ് ആര്‍.ബി.ഐ ഉയര്‍ത്തിയത്. ഇതോടെ ഉപഭോക്താക്കള്‍ക്ക് ഒ.ടി.പി ഇല്ലാതെ 15,000 രൂപ വരെയുള്ള സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ സാധിക്കും.
മുന്‍പ്, 5,000 രൂപക്ക് മുകളിലുള്ള ഏത് ആവര്‍ത്തന ഇടപാടുകള്‍ക്കും ഇടപാടിന്റെ ആധികാരികത ഉറപ്പാക്കാന്‍ ബാങ്കുകള്‍ ഉപഭോക്താവിന് ഒ.ടി.പി അയച്ചിരുന്നു. ചെറിയ തുകകള്‍ കൈകാര്യം ചെയ്യുന്ന ചെറുകിട ബിസിനസുകളെ ഇത് ബാധിച്ചില്ലെങ്കിലും, ഇന്‍ഷുറന്‍സ് ദാതാക്കളും സാസ് കമ്പനികളും പോലുള്ള വലിയ തോതിലുള്ള ബിസിനസുകള്‍ ഇത്തരം ഇടപാടുകള്‍ നടത്താന്‍ ബുദ്ധിമുട്ടിയിരുന്നു. സബ്സ്‌ക്രിപ്ഷനുകള്‍, ഇന്‍ഷുറന്‍സ് പ്രീമിയം, വലിയ തുകയുടെ വിദ്യാഭ്യാസ ഫീസ് തുടങ്ങിയ ആവര്‍ത്തിച്ചുള്ള പണമിടപാടുകള്‍ കൂടുതല്‍ സുഗമമാക്കുന്നതിന്, ഒ.ടി.പി പരിധി 5,000 രൂപയില്‍നിന്ന് 15,000 രൂപയായി ഉയര്‍ത്തുന്നു- ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.
പുതിയ തീരുമാനം എപ്പോള്‍ മുതല്‍ നടപ്പാക്കും എന്നതിനെക്കുറിച്ചുള്ള കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ചിട്ടില്ല.