മുംബൈ- യൂണിഫൈഡ് പേയ്മെന്റ് (യു.പി.ഐ) സംവിധാനം വഴി ക്രെഡിറ്റ് കാര്‍ഡുകള്‍ ബന്ധിപ്പിക്കാന്‍ സംവിധാനമായി. റൂപെ, ക്രെഡിറ്റ് കാര്‍ഡുകള്‍ ബന്ധിപ്പിച്ചാകും ഇതിന് തുടക്കമിടുക. തുടര്‍ന്ന് വിസ, മാസ്റ്റര്‍ കാര്‍ഡ് തുടങ്ങിയവ വഴിയും സേവനം പ്രയോജനപ്പെടുത്താനാകും.
ഇതോടെ ക്രഡിറ്റ് കാര്‍ഡുകള്‍വഴിയും യു.പി.ഐ ഇടപാടുകള്‍ നടത്താനുള്ള വഴിയാണ് തെളിയുന്നത്. പണവായ്പ നയ പ്രഖ്യാപനത്തിനിടെ ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ആണ് ഇക്കാര്യം അറിയിച്ചത്.
ഇതുവരെ യു.പി.ഐയുമായി ഡെബിറ്റ് കാര്‍ഡുകള്‍ മാത്രമെ ബന്ധിപ്പിക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. ഡിജിറ്റല്‍ പണമിടപാടുകളുടെ വ്യാപ്തി കൂട്ടാന്‍ പുതിയ തീരുമാനം ഗുണംചെയ്യുമെന്നാണ് വിലയിരുത്തല്‍.
അതേസമയം, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് നടത്തുന്ന യു.പി.ഐ ഇടപാടുകള്‍ക്ക് മര്‍ച്ചന്റ് ഡിസ്‌കൗണ്ട് നിരക്ക്(എംഡിആര്‍)എങ്ങനെ ബാധകമാക്കുമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.