ചെന്നൈ- പ്രശസ്ത തെന്നിന്ത്യന്‍ നടി നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനുമായുള്ള വിവാഹം ഇന്ന് നടക്കും. തമിഴ്‌നാട്ടിലെ മഹാബലിപുരം ഷെറാട്ടണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ വച്ചാണ് വിവാഹം. രാവിലെ ചടങ്ങുകള്‍ ആരംഭിക്കും. സിനിമാമേഖലയില്‍ നിന്ന് വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുക്കുകയെന്നാണ് വിവരം. ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് നയന്‍താരയും വിഘ്‌നേഷും വിവാഹിതരാകാന്‍ തീരുമാനിച്ചത്.
സൂപ്പര്‍താരങ്ങളായ രജനീകാന്ത്, കമല്‍ഹാസന്‍, വിജയ് സേതുപതി, സൂര്യ, സാമന്ത, ചിരഞ്ജീവി, ആര്യ തുടങ്ങിയ താരങ്ങള്‍ വിവാഹത്തിന് സാക്ഷ്യം വഹിക്കാന്‍ എത്തിയേക്കും. . ഷാരൂഖ് ഖാനും ചടങ്ങിനെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വിവാഹവേദിയും പരിസരവും കനത്ത സുരക്ഷയിലാണ്. ക്ഷണക്കത്തിനൊപ്പം നല്‍കിയ പ്രത്യേക കോഡ് നമ്പര്‍ നല്‍കി വേണം വിവാഹ ഹാളിലേക്ക് എത്തേണ്ടത്.
വിവാഹവേദിയില്‍ സംഗീതപരിപാടിയടക്കം നിശ്ചയിച്ചിട്ടുണ്ട്. നയന്‍താരയുടെയും വിഘ്‌നേഷ് ശിവന്റെയും വിവാഹത്തിന്റെ ആനിമേഷന്‍ ക്ഷണപത്രിക ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായി. മുഹൂര്‍ത്തസമയം വ്യക്തമാക്കിയിട്ടില്ലെങ്കിലും അതിഥികള്‍ക്ക് രാവിലെ 8.30മുതല്‍ എത്താമെന്നാണ് ക്ഷണപത്രികയില്‍ വ്യക്തമാക്കിയിട്ടുള്ളത്.
അതിനിടെ, നയന്‍താരയുമായുള്ള വിവാഹത്തിന്റെ ഔദ്യോഗിക വിവരങ്ങള്‍ പങ്കുവച്ച് വിഘ്‌നേഷ് ശിവന്‍. വിവാഹത്തിന്റെ തിയതിയും സ്ഥലവും മറ്റും സംബന്ധിച്ച വിവരങ്ങള്‍ നേരത്തെ പുറത്തുവന്നെങ്കിലും ആദ്യമായാണ് ഇരുവരില്‍ നിന്നും പ്രതികരണമുണ്ടാകുന്നത്. ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്നും ജൂണ്‍ 9ന് തങ്ങളുടെ വിവാഹമാണെന്നും വിഘ്‌നേഷ് മാധ്യമങ്ങളോട് പറഞ്ഞു. 'പോടാ പോടി'യിലൂടെ എഴുത്തുകാരനും സംവിധായകനുമായി എന്റെ യാത്ര ആരംഭിച്ചത് മുതല്‍ 'കാതുവാക്കുള്ളെ രണ്ട് കാതല്‍'വരെ മാധ്യമങ്ങള്‍ നല്‍കിയ സപ്പോര്‍ട്ട് വളരെ വലുതാണ്. റൗഡി പിക്‌ചേഴ്‌സിലൂടെ നിര്‍മ്മാതാവായി ഞാന്‍ അരങ്ങേറ്റം കുറിച്ചപ്പോഴും ഗാനരചയിതാവെന്ന നിലയിലുള്ള എന്റെ യാത്രയുടെ തുടക്കത്തിലും മാധ്യമങ്ങളുടെ പ്രോത്സാഹന വാക്കുകള്‍ എനിക്ക് ആത്മവിശ്വാസം നല്‍കി. ഇപ്പോള്‍, ഞാന്‍ ഔദ്യോഗികമായി എന്റെ ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്.' വിഘ്‌നേഷ് പറഞ്ഞു.
ജൂണ്‍ 9 ന് ഞാന്‍ എന്റെ ജീവിതത്തിലെ പ്രണയിയായ നയന്‍താരയെ വിവാഹം കഴിക്കുന്നു. ആദ്യം ഞങ്ങള്‍ രണ്ടുപേരും തിരുപ്പതിയില്‍ വച്ച് വിവാഹം നടത്താന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ചില പ്രശ്‌നങ്ങള്‍ കാരണം ഞങ്ങള്‍ക്ക് തിരുപ്പതിയില്‍ നിന്ന് വേദി മാറ്റേണ്ടിവന്നു. ഞങ്ങളുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും വിവാഹത്തില്‍ പങ്കെടുക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചു. എല്ലാവര്‍ക്കും അവിടെ എത്താന്‍ കഴിയില്ല. അതിനാല്‍, ഇവിടെ മഹാബലിപുരത്ത് വച്ച് വിവാഹം കഴിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു- താരം വ്യക്തമാക്കി.
വിവാഹ ചിത്രീകരണത്തിനുള്ള അവകാശം ഒരു സ്വകാര്യ ഒടിടി പ്ലാറ്റ്‌ഫോമിന് നല്‍കിയിട്ടുണ്ട്. നെറ്റ്ഫഌക്‌സിലൂടെയായിരിക്കും സ്ട്രീമിങ്ങ് എന്നാണ് റിപ്പോര്‍ട്ട്.