Sorry, you need to enable JavaScript to visit this website.

കാവേരി നദീജല തർക്കം:  തമിഴ്‌നാട് ബന്ദ് പൂർണം 

ചെന്നൈ: കാവേരി നദീജല വിഷയത്തിൽ പ്രതിപക്ഷ പാർട്ടികൾ ആഹ്വാനം ചെയ്ത തമിഴ്‌നാട് ബന്ദ് പൂർണം. കാവേരി മാനേജ്‌മെന്റ് ബോർഡ് സ്ഥാപിക്കാത്ത കേന്ദ്ര സർക്കാരിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് ഡിഎംകെ ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ 24 മണിക്കൂർ ബന്ദിന് ആഹ്വാനം ചെയ്തത്. പ്രതിപക്ഷ പാർട്ടികളുടെ ബന്ദിൽ തമിഴ്‌നാട് നിശ്ചലമായി.  ചെന്നൈ, മധുര, കോയമ്പത്തൂർ, തൂത്തുക്കുടി, സേലം, തിരുച്ചിറപ്പിള്ളി തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം ബന്ദ് പൂർണ്ണമായിരുന്നു. തമിഴ്‌നാട്ടിലെ ഗ്രാമപ്രദേശങ്ങളിലടക്കം വാഹനങ്ങൾ നിരത്തിലിറങ്ങിയില്ല. ബസ്, ട്രെയിൻ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. അപൂർവ്വം ചില സ്വകാര്യ വാഹനങ്ങൾ മാത്രമാണ് ചെന്നൈ നഗരത്തിൽ നിരത്തിലിറങ്ങിയത്. ബന്ദിനോട് അനുബന്ധിച്ച് ഡിഎംകെയുടെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികൾ ചെന്നൈയിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. അണ്ണാശാലയിലെ പ്രധാന റോഡുകൾ ഉപരോധിച്ചു കൊണ്ടായിരുന്നു പ്രതിഷേധം. റോഡ് ഉപരോധത്തിന് നേതൃത്വം നൽകിയ ഡിഎംകെ വർക്കിങ് പ്രസിഡന്റ് എംകെ സ്റ്റാലിൻ, ടിഎൻസിസി നേതാവ് എസ് തിരുനാവുക്കർസർ, ദ്രാവിഡ കഴകം നേതാവ് കെ വീരമണി, വിസികെ നേതാവ് തോൽ തിരുമാവലവൻ എന്നിവരെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു നീക്കി. ഇവരോടൊപ്പം നൂറുകണക്കിന് പാർട്ടി പ്രവർത്തകരെയും പോലീസ് അറസ്റ്റ് ചെയ്തു. അണ്ണാശാലയിൽ നിന്ന് ചെന്നൈ അണ്ണാ മെമ്മോറിയലിലേക്ക് പ്രകടനം നടത്താനിരിക്കേയായിരുന്നു അറസ്റ്റ്. എംകെ സറ്റാലിനെ പോലീസ് അറസ്റ്റ് ചെയ്തതോടെ ഡിഎംകെ പ്രവർത്തകർ അക്രമാസക്തരായി. പോലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ ഇവർ തകർത്തു. പിന്നീട് മുതിർന്ന നേതാക്കളെത്തിയാണ് പ്രവർത്തകരെ നിയന്ത്രിച്ചത്. സ്റ്റാലിൻ ഉൾപ്പെടെയുള്ള നേതാക്കളെ പുരസാവാക്കത്തെ വിവാഹ ഓഡിറ്റോറിയത്തിലേക്കാണ് പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്. ചെന്നൈയ്ക്ക് പുറമെ തമിഴ്‌നാട്ടിലെ മറ്റ് പ്രധാന കേന്ദ്രങ്ങളിലും പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധ പ്രകടനങ്ങളും റോഡ് ഉപരോധവും സംഘടിപ്പിച്ചിരുന്നു. കോയമ്പത്തൂർ, തിരുച്ചിറപ്പിള്ളി, മധുര, സേലം, തിരുനെൽവേലി, തഞ്ചാവൂർ എന്നിവിടങ്ങളിൽ പ്രതിഷേധക്കാർ റോഡുകൾ ഉപരോധിച്ചു. ചെന്നൈ പാർക്ക് സ്‌റ്റേഷനിൽ സിപിഎം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണന്റെ നേതൃത്വത്തിൽ ട്രെയിനുകൾ തടഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സിപിഎം പ്രവർത്തകരും കർഷകരും പ്രകടനങ്ങൾ സംഘടിപ്പിച്ചു. തിരുവെള്ളൂർ, വെല്ലൂർ എന്നിവിടങ്ങളിൽ സർക്കാർ, സ്വകാര്യ ബസുകൾക്ക് നേരെ കല്ലേറുണ്ടായി. കേന്ദ്ര ഭരണ പ്രദേശമായ പോണ്ടിച്ചേരിയിലും ബന്ദ് പൂർണമായിരുന്നു.
അതിനിടൈ ഈ മാസം 12 ന് കർണാടക ബന്ദ് നടത്താൻ  കന്നഡ ചലുവാലി വറ്റാൽ പ്രസിഡന്റ് വറ്റാൽ നാഗരാജ്  ആഹ്വാനം ചെയ്തു.  കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ടാണ് ബന്ദ്. കർണാടകയിൽ തമിഴ് സിനിമകൾ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നും സംഘടനകൾ അറിയിച്ചു.  

Latest News