Sorry, you need to enable JavaScript to visit this website.

കാവേരി: കര്‍ണാടക്ക് കൂടുതല്‍ ജലം അനുവദിച്ച് സുപ്രീം കോടതി ഉത്തരവ്

കര്‍ണാടകയില്‍ ആഹ്ലാദം, നീതി ലഭിച്ചില്ലെന്ന് തമിഴ്‌നാട് 

ന്യൂദല്‍ഹി- കാവേരി നദീജല തര്‍ക്കത്തില്‍ തമിഴ്‌നാടിനുള്ള വിഹിതം വെട്ടിക്കുറച്ചും കര്‍ണാടകക്ക് കൂടുതല്‍ ജലം അനുവദിച്ചും സുപ്രീം കോടതി ഉത്തരവ്.  14.75 ടിഎംസി അധിക ജലമാണ് കര്‍ണാടകക്ക് അനുവദിച്ചിരിക്കുന്നത്. ഇതോടെ തമിഴ്‌നാടിന്റെ വിഹിതം 419 ടിഎംസിയില്‍നിന്ന് 404.25 ടിഎംസിയായി കുറയും. ഉത്തരവില്‍ കര്‍ണാടക ആഹ്ലാദം പ്രകടിപ്പിക്കുമ്പോള്‍  നീതി ലഭിച്ചില്ലെന്ന് തമിഴ്‌നാട് പ്രതികരിച്ചു. 
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അമിതാവ് റോയ്, എ.എം. ഖാന്‍വില്‍ക്കര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കാവേരിജല തര്‍ക്കപരിഹാര ട്രൈബ്യൂണലിന്റെ വിധിയില്‍ ഭേദഗതി വരുത്തിയത്.
കേരളവും തമിഴ്‌നാടും കര്‍ണാടകയും തമ്മില്‍ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന തര്‍ക്കത്തില്‍ കൂടുതല്‍ വിഹിതം വേണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. മുന്‍വിഹിതം തുടരാനാണ് നിര്‍ദേശം. കാവേരിയില്‍ നിന്ന് 99.8 ടിഎംസി ജലം വിട്ടുകിട്ടണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. എന്നാല്‍, കാവേരിജല തര്‍ക്കപരിഹാര ട്രൈബ്യൂണല്‍ അനുവദിച്ച 30 ടിഎംസി എന്ന അളവു തുടരാനാണ് സുപ്രീംകോടതി വിധിച്ചത്. പുതുച്ചേരിക്കും കാവേരിജല തര്‍ക്കപരിഹാര ട്രൈബ്യൂണല്‍ അനുവദിച്ച ഏഴ് ടിഎംസി വിഹിതം തുടരും.
2007ലെ കാവേരി ട്രൈബ്യൂണലിന്റെ വിധി ചോദ്യം ചെയ്ത് തമിഴ്‌നാട്, കര്‍ണാടക, കേരള സര്‍ക്കാരുകളാണ് അപ്പീല്‍ സമര്‍പ്പിച്ചത്. കാവേരി ജലം രാജ്യത്തിന്റെ പൊതുസ്വത്താണെന്നു ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി, ഒരു സംസ്ഥാനത്തിനും പ്രത്യേകം അവകാശം ഉന്നയിക്കാനാകില്ലെന്ന് വ്യക്തമാക്കി. കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കാനും സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി. 
കാവേരിയിലെ 740 ടിഎംസി ജലം തമിഴ്‌നാട്, കര്‍ണാടക, കേരള സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിക്കുമാണ് കാവേരിജല തര്‍ക്കപരിഹാര ട്രൈബ്യൂണല്‍ വീതിച്ചുനല്‍കിയത്. തമിഴ്‌നാടിന് 419, ടിഎംസിയും കര്‍ണാടകയ്ക്ക് 270, കേരളത്തിന് 30, പുതുച്ചേരിക്ക് ഏഴ് ടിഎംസി എന്നിങ്ങനെയാണ് ട്രൈബ്യൂണല്‍ അനുവദിച്ചത്. 
എന്നാല്‍ 2007-ലെ വിധി അംഗീകരിക്കാന്‍ മൂന്ന് സംസ്ഥാനങ്ങളും തയാറായില്ല. 

Latest News