ന്യൂദല്‍ഹി- നാഷനല്‍ ഹെറാള്‍ഡ് കേസില്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ മൂന്നാഴ്ചത്തെ സാവകാശം തേടി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ബുധനാഴ്ച ചോദ്യംചെയ്യലിനു ഹാജരാകണമെന്നായിരുന്നു എൻഫോഴ്സ്മെന്റ് നോട്ടീസ്. എന്നാല്‍ കോവിഡ് ബാധിതയായതിനാല്‍ സ്വയം നിരീക്ഷണത്തിലാണെന്നും പരിശോധനാഫലം നെഗറ്റീവാകാതെ ഹാജരാകാന്‍ കഴിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സോണിയ ഗാന്ധി ഇ.ഡിക്കു കത്ത് നല്‍കിയത്.
മൂന്നാഴ്ച കഴിഞ്ഞ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് അയക്കുമെന്നാണ് റിപ്പോർട്ട്. കള്ളപ്പണ കേസുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യുന്നതിനായി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും മകന്‍ രാഹുല്‍ ഗാന്ധിക്കും ഇ.ഡി നോട്ടിസ് അയച്ചിരുന്നു. പാര്‍ട്ടിയുടെ മുഖപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ രാഹുല്‍ ഗാന്ധിയോട് രണ്ടിന് ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും വിദേശത്തായിരുന്ന അദ്ദേഹത്തിന്റെ അഭ്യര്‍ഥന കണക്കിലെടുത്ത് 13ന് ഹാജരാകാന്‍ നിര്‍ദേശിക്കുകയായിരുന്നു.
ശക്തിപ്രകടനമായിട്ടായിരിക്കും രാഹുല്‍ ഇ.ഡി ആസ്ഥാനത്ത് എത്തുക. എഐസിസി ജനറല്‍ സെക്രട്ടറിമാരോടും പിസിസി അധ്യക്ഷന്മാരോടും എംപിമാരോടും ദല്‍ഹിയിലെത്താന്‍ ആവശ്യപ്പെടുമെന്ന് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ അറിയിച്ചു.