ന്യൂദല്‍ഹി-സ്കൂള്‍ ഗൃഹപാഠം ചെയ്യാത്തതിനുള്ള ശിക്ഷയായി അമ്മ അഞ്ച് വയസ്സായ മകളെ കൈകാലുകള്‍ ബന്ധിച്ച് ടെറസില്‍ പൊരിവെയിലില്‍ കിടത്തി.
വടക്കുകിഴക്കന്‍ ദല്‍ഹിയിലാണ് സംഭവം. പെണ്‍കുട്ടിയുടെ കൈകാലുകള്‍ കയറുകൊണ്ട് ബന്ധിച്ചിരിക്കുന്നതും വെയിലില്‍ മല്ലിടുന്നതും വീഡിയോയില്‍ കാണാം. മാതാപിതാക്കള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചതായി ദല്‍ഹി പോലീസ് അറിയിച്ചു.
പ്രദേശത്തെ ഒരാള്‍ പകര്‍ത്തിയ വീഡിയോയില്‍ പെണ്‍കുട്ടി പുളയുന്നതും സഹായത്തിനായി കരയുന്നതും ദൃശ്യങ്ങളിലുണ്ട്.
സ്കൂള്‍ ഗൃഹപാഠം ചെയ്യാത്തതിനുള്ള ശിക്ഷയുടെ ഭാഗമായാണ് പെണ്‍കുട്ടിയെ കെട്ടിയിട്ട് ടെറസില്‍ കിടത്തിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. സമീപത്തെ സ്കൂളിലാണ് പെൺകുട്ടി പഠിക്കുന്നതെന്ന് നോര്‍ത്ത് ഈസ്റ്റ് ഡിസിപി സഞ്ജയ് സെയിന്‍ പറഞ്ഞു.
വീഡിയോ വൈറലായതിനെ തുടർന്നാണ് പോലീസ് കുടുംബത്തെ അന്വേഷിച്ചത്. ഖജൂരി ഖാസിലേക്കും കരവാല്‍ നഗറിലേക്കും പോലീസ് ടീമുകളെ അയച്ചിരുന്നു. അൽപ സമയത്തിനകം മാതാക്കളെ കണ്ടെത്താൻ കഴിഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിയമനടപടി സ്വീകരിക്കും. പെണ്‍കുട്ടിയുടെ പിതാവിന് തയ്യല്ജോലിയാണ്. പെൺകുട്ടിയെ ശിക്ഷിക്കുമ്പോൾ ഇദ്ദേഹം പുറത്തായിരുന്നു. പെണ്‍കുട്ടിയുടെ മാതാവായ വീട്ടമ്മയെ ചോദ്യം ചെയ്യുമെന്ന് പോലീസ് പറഞ്ഞു.