പ്രയാഗ്‌രാജ്- വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനിടെ അമിതമായി വയാഗ്ര ഗുളികകള്‍ കഴിച്ച യുവാവ് വേദന കൊണ്ട് പുളഞ്ഞു. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ എം.എല്‍.എന്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച 28 കാരന് രണ്ട് ശസ്ത്രക്രിയ നടത്തി. പുരുഷന്മാരിലെ ഉദ്ധാരണക്കുറവ് പരിഹരിക്കാന്‍ ഉപയോഗിക്കുന്ന ഗുളികയാണ് വയാഗ്ര.
എം.എല്‍.എന്‍ മെഡിക്കല്‍ കോളേജിലെ യൂറോളജി വിഭാഗത്തിലെ ഡോക്ടര്‍മാരാണ് യുവാവിനെ ചികിത്സിച്ചത്. യുവാവിന്റെ വേദന ശമിപ്പിക്കാന്‍ രണ്ട് ശസ്ത്രക്രിയകള്‍ നടത്തി.
മൂന്ന് മാസം മുമ്പാണ് യുവാവ് വിവാഹിതനായതെന്നും സുഹൃത്തുക്കളുടെ ഉപദേശപ്രകാരമാണ് വയാഗ്ര ഗുളികകള്‍ കഴിക്കാന്‍ തുടങ്ങിയതെന്നും യുവാവിനെ ചികിത്സിച്ച ഡോക്ടര്‍ ദിലീപ് ചൗരസ്യ പറഞ്ഞു. ഒരു സമയത്ത് അദ്ദേഹം പ്രതിദിനം 200 മില്ലിഗ്രാം ഗുളിക വരെ കഴിച്ചു. നിര്‍ദിഷ്ട പരിധിയായ 25-30 മില്ലിഗ്രാമിന്റെ ആറ് മുതല്‍ എട്ട് മടങ്ങ് വരെയാണിത്. അതിനുശേഷം യുവാവിന് പ്രിയാപിസം എന്ന അവസ്ഥ ഉണ്ടായതായി ഡോക്ടര്‍ പറഞ്ഞു.
ലൈംഗിക ഉത്തേജനം ഇല്ലാതെ പോലും നീണ്ടുനില്‍ക്കുന്ന അനിയന്ത്രിതമായ ഉദ്ധാരണമാണ് പ്രിയാപിസം. ഇത് മണിക്കൂറുകളോളം നീണ്ടുനില്‍ക്കുകയും വേദന വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ചികിത്സയിലൂടെ പ്രശ്‌നം പരിഹരിച്ചുവെന്നും യുവാവിന് സാധാരണ ദാമ്പത്യ ജീവിതം നയിക്കാമെന്നും ഭാവിയില്‍ കുട്ടികളുണ്ടാകുമെന്നും ഡോക്ടര്‍ പറഞ്ഞു. കുടുംബാംഗങ്ങള്‍ ഡോക്ടര്‍ക്ക് നന്ദി പറഞ്ഞു.
ഡോക്ടര്‍മാരുമായി കൂടിയാലോചിക്കാതെ വയാഗ്ര പോലുള്ള ലൈംഗിക ഉത്തേജക മരുന്നുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ഡോ ചൗരസ്യ മുന്നറിയിപ്പ് നല്‍കി.
പ്രമേഹരോഗികളും ഉദ്ധാരണക്കുറവ് ഉള്ളവരും കൂടുതല്‍ ജാഗ്രത പാലിക്കണം, ഒരു ഡോക്ടറെ സമീപിക്കാതെ ഇത്തരം മരുന്നുകള്‍ ഒരിക്കലും കഴിക്കരുത്. കാരണം ഇത് അവര്‍ക്ക് വിനാശകരമായി മാറും- ഡോ. ചൗരസ്യ കൂട്ടിച്ചേര്‍ത്തു.