ചെന്നൈ- തമിഴ്‌നാട്ടിലെ ഈറോഡില്‍ പതിനാറുകാരിയുടെ അണ്ഡം വില്‍പ്പന നടത്തി പണമുണ്ടാക്കിയ കേസില്‍ അമ്മയും രണ്ടാനച്ഛനും അറസ്റ്റില്‍. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ എട്ട് തവണയോളം ഇരുവരും ചേര്‍ന്ന് നിര്‍ബന്ധപൂര്‍വം കുട്ടിയുടെ അണ്ഡം വിറ്റുവെന്നാണ് പരാതിയില്‍ പറയുന്നത്. കുട്ടിയുടെ അമ്മ ഇന്ദ്രാണി, രണ്ടാനച്ഛന്‍ സയ്യിദ് അലി, ഇവര്‍ക്ക് സഹായം നല്‍കിയ മാലതി എന്നിവരെ അറസ്റ്റ് ചെയ്തു.
വീട്ടില്‍ കടുത്ത പീഡനം നേരിട്ട പെണ്‍കുട്ടിയെ രണ്ടാനച്ഛന്‍ നിരവധി തവണ ലൈഗിംകമായി പീഡിപ്പിച്ചതായും പരാതിയില്‍ പറയുന്നു. പെണ്‍കുട്ടി ഋതുമതി ആയതു മുതല്‍ അണ്ഡം വില്‍ക്കാന്‍ ഇരുവരും ശ്രമിച്ചിരുന്നു. ഓരോ തവണയും വില്‍പ്പനയിലൂടെ 20,000 രൂപയാണ് സമ്പാദിച്ചത്. കഴിഞ്ഞ ദിവസം വീട്ടിലെ തടവില്‍നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി സേലത്തുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയതോടെയാണ് മാതാപിതാക്കളുടെ ക്രൂരത പുറത്തറിയുന്നത്. പിന്നീട് അടുത്ത ബന്ധുക്കളുടെ സഹായത്തോടെ പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.