ന്യൂയോര്‍ക്ക് - അര്‍ബുദ ചികിത്സാ ഗവേഷണത്തില്‍ നിര്‍ണായക വിജയവുമായി ശാസ്ത്രജ്ഞര്‍. രോഗം പൂര്‍ണമായി ഭേദമാക്കാവുന്ന മരുന്ന് കണ്ടെത്തിയതായാണ് വെളിപ്പെടുത്തല്‍. മരുന്ന പരീക്ഷണത്തില്‍ പങ്കെടുത്തവരുടെയെല്ലാം രോഗം ഭേദമായെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മലാശയ ക്യാന്‍സര്‍ രോഗികളായ കുറച്ചുപേരില്‍ നടത്തിയ പരീക്ഷണത്തില്‍ 100 ശതമാനം വിജയമാണ് ഉണ്ടായത്.
ഡോസ്ടാലിമാബ് എന്ന മരുന്നാണ് 18 മലാശയ ക്യാന്‍സര്‍ രോഗബാധിതര്‍ക്ക് നല്‍കിയത്. ഗര്‍ഭാശയ ക്യാന്‍സര്‍ രോഗത്തിന് ഇമ്മ്യൂണോതെറാപ്പി മരുന്നായി ഉപയോഗിക്കുന്നതാണ് ഡോസ്ടാലിമാബ്. ഇതാദ്യമായി മലാശയ ക്യാന്‍സര്‍ രോഗത്തിന് ഈ മരുന്ന് ഫലപ്രദമാണോയെന്ന് പരീക്ഷണം നടത്തിയതാണ് ഗവേഷകര്‍. അര്‍ബുദ രോഗചികിത്സയില്‍ ഇതാദ്യമായാണ് ഇത്തരത്തില്‍ പ്രത്യാശയേകുന്ന ഒരു കണ്ടെത്തലെന്ന് ക്യാന്‍സര്‍ രോഗവിദഗ്ധനായ ലൂയിസ് ഡയസ് ജൂനിയര്‍ പറയുന്നു. മെമ്മോറിയല്‍ സ്‌ളോവന്‍ കെറ്റെറിംഗ് ക്യാന്‍സര്‍ സെന്ററിലെ (എംഎസ്‌കെ) ഡോക്ടറാണ് അദ്ദേഹം.
ആറ് മാസം നീളുന്ന ചികിത്സയില്‍ ഒരു മാസത്തില്‍ മൂന്നാഴ്ച ഡോസ്ടാലിമാബ് നല്‍കി. ഇവരില്‍ രോഗം മാറി. എം.ആര്‍.ഐ സ്‌കാന്‍ വഴിയോ, എന്‍ഡോസ്‌കോപ്പി വഴിയോ ബയോപ്‌സിയിലൂടെയോ ക്യാന്‍സര്‍ കോശങ്ങളുടെ സാന്നിധ്യം പിന്നീട് ഇവരുടെ ശരീരത്തില്‍ കണ്ടെത്താനായില്ല. ചെറിയ തരത്തില്‍ ചൊറിച്ചില്‍, ക്ഷീണം ഇവയൊക്കെ രോഗികള്‍ക്ക് തോന്നിയെങ്കിലും അവ ഗൗരവമായ പ്രശ്‌നമാകാതിരുന്നതും ഗവേഷകര്‍ക്ക് പ്രത്യാശ നല്‍കുന്നു. മുപ്പതോളം പേര്‍ക്ക് ആകെ പരീക്ഷണം നടത്താനാണ് ഗവേഷകര്‍ നിശ്ചയിച്ചിരുന്നത്. ഇവരില്‍ മുഴുവന്‍ പേരുടെയും ഫലം വരുമ്പോഴേ ചികിത്സയുടെ പൂര്‍ണചിത്രം വ്യക്തമാകൂ.