ജോധ്പൂര്‍- മാന്‍വേട്ട കേസില്‍ അഞ്ചു വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ട ബോളിവൂഡ് നടന്‍ സല്‍മാന്‍ ഖാനെ ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലിലടക്കും. ജാമ്യം ലഭിക്കുന്നതുവരെ അല്‍പകാലമെങ്കിലും ഈ ജയിലില്‍ സല്‍മാന് കിടക്കേണ്ടി വരും. മാന്‍വേട്ടയുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ സല്‍മാന്‍ ഈ ജയിലില്‍ 2006-ല്‍ അഞ്ചു ദിവസം കിടന്നിട്ടുണ്ട്. ഇത്തവണ സഹതടവുകാരായി കുപ്രസിദ്ധ വിഐപി കുറ്റവാളികള്‍ വേറെയുമുണ്ട് ഇവിടെ. രണ്ടാം നമ്പര്‍ ബാരക്കിലാണ് സല്‍മാനെ പാര്‍പ്പിക്കുക. ഇതേ ബാരക്കില്‍ അഞ്ചു വര്‍ഷമായി തടവില്‍ കഴിയുന്ന മറ്റൊരു വിഐപിയാണു ആള്‍ദൈവം ആസാറാം ബാപു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 2013-ലാണ് ഇയാള്‍ അകത്തായത്. ജോധ്പൂരിലെ ആശ്രമത്തില്‍ വച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്നായിരുന്നു കേസ്.
ഇതേ ജയിലിലുള്ള മറ്റൊരു കുപ്രസിദ്ധനാണ് ഗുണ്ടാസംഘം നേതാവ് ലോറന്‍സ് ബിഷ്‌ണോയ്. കൊലപാതകം, കുറ്റപ്പിരിവ്, കാര്‍ തട്ടല്‍ എന്നീ കുറ്റങ്ങള്‍ക്കാണ് ഇയാള്‍ ശിക്ഷയനുഭവിക്കുന്നത്. ജോധ്പൂര്‍ കോടതി വരാന്തയില്‍ വച്ച് മാസങ്ങള്‍ക്കു മുമ്പ് താന്‍ സല്‍മാന്‍ ഖാനെ കൊല്ലുമെന്ന് ലോറന്‍സ് ഭീഷണി മുഴക്കിയിരുന്നു.
ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലിലെ മറ്റൊരു കുപ്രസിദ്ധന്‍ ഹിന്ദുത്വ തീവ്രവാദി ശംഭുലാല്‍ റെഗാര്‍ ആണ്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ബംഗാള്‍ സ്വദേശിയായ അഫ്രാസുല്‍ ഖാനെ മുസ്ലിമായതിന്റെ പേരില്‍ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി തീയിട്ട സംഭവത്തിലാണ് ഇയാളെ പിടികൂടി ജയിലിലടച്ചത്. കൊലപാതകത്തെ ന്യായീകരിച്ച് ജയിലില്‍ നിന്നുള്ള ഇയാളുടെ വീഡിയോ ഈയിടെ പുറത്തു വന്നിരുന്നു. ശംഭുലാലിനെ ഈ ജയിലില്‍ നിന്നും ദല്‍ഹിയിലെ തീഹാര്‍ ജയിലിലേക്ക് മാറ്റണമെന്ന് കൊല്ലപ്പെട്ട അഫ്രാസുലിന്റെ ഭാര്യയ്ക്കു വേണ്ടി ഹാജരാകുന്ന മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷക ഇന്ദിര ജയ്‌സിങ് ആവശ്യപ്പെട്ടിരുന്നു.
ജോധ്പൂര്‍ ജയിലില്‍ വിഐപികളുടെ എണ്ണം കൂടിയതോടെ ഉദ്യോഗസ്ഥരുടെ പണിയും കൂടിയിരിക്കുകയാണ്. ഇവരോടൊപ്പം സല്‍മാന്‍ കൂടി എത്തുന്നതോടെ സുരക്ഷ ഒരുക്കുന്നതിന് കൂടുതല്‍ ശ്രദ്ധ വേണ്ടിവരും.