ന്യൂദല്‍ഹി- ബാങ്ക് തട്ടിപ്പുകള്‍ക്കും സര്‍ക്കാര്‍ സംവിധാനങ്ങളിലെ വെട്ടിപ്പുകള്‍ക്കുമെല്ലാം പരിഹാരം ആധാര്‍ ആണെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദം സുപ്രീം കോടതി തള്ളി. ബാങ്ക് തട്ടിപ്പുകള്‍ കാര്യക്ഷമമായി തടയുന്നതില്‍ ആധാറിന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലെന്ന് ആധാറിന്റെ ഭരണഘടനാ സാധുത പരിശോധിച്ചു വരുന്ന ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ഭരണാഘടന ബെഞ്ച് വ്യക്തമാക്കി. ആര്‍ക്കാണ് വായ്പ്പകള്‍ നല്‍കുന്നതെന്ന് ബാങ്കുകള്‍ക്ക് കൃത്യമായി അറിയാം. തട്ടിപ്പുകാര്‍ ആരാണെന്നതു സംബന്ധിച്ച് സംശയങ്ങള്‍ക്കിടയില്ല. ബാങ്ക് ഉദ്യോഗസ്ഥരും തട്ടിപ്പുകാരും നേരിട്ടാണ് ഇടപാട്. ഇവിടെ സംഭവിക്കുന്ന തട്ടിപ്പ് തടയുന്നതില്‍ അധാറിന് പ്രത്യേകിച്ചൊരു പങ്കുമില്ല, ബെഞ്ച് നിരീക്ഷിച്ചു.
ആധാറിനായി ശേഖരിക്കുന്ന പൗരന്മാരുടെ ബയോമെട്രിക് വിവരങ്ങള്‍ ഉപയോഗിച്ച് തട്ടിപ്പുകാരെ പിടികൂടാന്‍ കഴിയുമെന്ന വാദം തള്ളിയത് സര്‍ക്കാരിന് തിരിച്ചടിയായി. ഈയിടെ പുറത്തു വന്ന ബാങ്കുതട്ടിപ്പു കേസുകളിലെ പ്രതികള്‍ ആരൊക്കെയാണെന്ന് പരസ്യമാണ്. ആധാര്‍ പദ്ധതിയില്‍ പൗരന്മാരുടെ ഏതൊക്കെ ബയോമെട്രിക് വിവരങ്ങളാണ് ശേഖരിക്കേണ്ടതെന്ന് തീരുമാനിക്കുള്ള യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ അധികാരം സംബന്ധിച്ചും ഇവ ഏതുരീതിയില്‍ ശേഖരിക്കണമെന്നതു സംബന്ധിച്ചും ചില സംശയങ്ങളും കോടതി ഉന്നയിച്ചു. ആധാര്‍ നിയമത്തിലെ വ്യവസ്ഥകളുടെ സ്വഭാവം ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ സംശയങ്ങള്‍.