ജോധ്പുര്‍- കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് ജോധ്പൂര്‍ വിചാരണ കോടതി അഞ്ച് വര്‍ഷം തടവും 10,000 രൂപ പിഴശിക്ഷയും വിധിച്ചു. സല്‍മാന്‍ കുറ്റക്കാരനെന്നു രാവിലെ കോടതി വിധിച്ചിരുന്നു. വേട്ടയ്ക്കിടെ സല്‍മാനൊപ്പമുണ്ടായിരുന്ന സെയ്ഫ് അലിഖാന്‍, സൊനാലി ബേന്ദ്ര, തബു, നീലം എന്നിവരെ വെറുതെവിട്ടു. പ്രദേശവാസിയായ ദുഷ്യന്ത് സിങ് എന്നയാളേയും കുറ്റവിമുക്തനാക്കിയിട്ടുണ്ട്. ജോധ്പുര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ദേവ്കുമാര്‍ ഖത്രിയാണു വിധി പ്രസ്താവിച്ചത്. കേസെടുത്ത് 20 വര്‍ഷത്തിനുശേഷമാണ് വിധി.
സല്‍മാന്‍ ഖാനും മറ്റ് അഞ്ചുപേരും 1998 ഒക്ടോബര്‍ ഒന്നിനു രാത്രി രണ്ടു കൃഷ്ണമൃഗങ്ങളെ വെടിവച്ചുകൊന്നുവെന്നാണ് കേസ്.
വന്യജീവി സംരക്ഷണ നിയമം അനുസരിച്ച് റജിസ്റ്റര്‍ ചെയ്ത കേസില്‍ ജോധ്പുര്‍ കോടതിയില്‍ മാര്‍ച്ച് 28നു വാദം പൂര്‍ത്തിയായിരുന്നു. വിധി കേള്‍ക്കാന്‍ രാവിലെത്തന്നെ സല്‍മാന്‍ ഖാന്‍ കോടതിയിലെത്തിയിരുന്നു. മറ്റുള്ള നടീനടന്മാരും തങ്ങളുടെ കുടുംബാഗങ്ങള്‍ക്കൊപ്പം കോടതിയിലെത്തി. വിധിപ്രസ്താവത്തിനു മുന്നോടിയായി വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.