റിയാദ്- ലോക പ്രശസ്തമായ അമേരിക്കന്‍ കമ്പനി എ.എം.സി സൗദിയില്‍ 40 സിനിമാ തിയേറ്ററുകള്‍ ആരംഭിക്കുന്നു. രാജ്യത്തെ 15 നഗരങ്ങളിലായാണ് അഞ്ച് വര്‍ഷം കൊണ്ട് ഇത്രയും തിയേറ്ററുകള്‍ തുറക്കുക.
തിയേറ്റര്‍ ആരംഭിക്കുന്നതിനുള്ള ലൈസന്‍സ് സൗദി സാംസ്‌കാരിക ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം കഴിഞ്ഞ ദിവസം കൈമാറി. 2030 ഓടെ 2500 സ്‌ക്രീനുകള്‍ സഹിതമുള്ള 350 സിനിമാശാലകള്‍ തുറക്കാനും കമ്പനി ലക്ഷ്യമിടുന്നു.
2017 നവംബറിലാണ് സിനിമാ മേഖലയില്‍ മുതല്‍മുടക്കുന്നത് സംബന്ധിച്ച് പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുമായി എ.എം.സി കമ്പനി കരാര്‍ ഒപ്പുവെച്ചത്. ആദ്യ തിയേറ്റര്‍
തലസ്ഥാന നഗരിയില്‍ ഈ മാസം 18 ന് പ്രവര്‍ത്തനം ആരംഭിക്കും. അമേരിക്കയില്‍ സന്ദര്‍ശനം തുടരുന്ന സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി കമ്പനി പ്രതിനിധികള്‍ ചര്‍ച്ച നടത്തിയിരുന്നു.
സൗദിയില്‍ പുതിയ സാമ്പത്തിക മേഖലകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി തങ്ങള്‍ക്ക് മികച്ച പിന്തുണയാണ് ലഭിച്ചതെന്ന് എ.എം.സി കമ്പനി സി.ഇ.ഒ ആഡം ആരോണ്‍ വെളിപ്പെടുത്തി. ഐ.ടി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം, പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫ്, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയുടെ ഭാഗത്തുനിന്നും ബന്ധപ്പെട്ട വ്യക്തികളില്‍നിന്നും അങ്ങേയറ്റത്തെ പ്രോത്സാഹനം ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
1920 ല്‍ സ്ഥാപിതമായ ഈ കമ്പനിക്ക് ലോകമെമ്പാടും 8200 പ്രദര്‍ശന ഹാളുകളുണ്ട്. സിനിമാ മേഖലയില്‍ ആഗോളാടിസ്ഥാനത്തില്‍ മുന്‍നിര സ്ഥാനത്ത് നില്‍ക്കുന്ന സ്ഥാപനമാണ് എ.എം.സി കമ്പനി.
വാള്‍ട്ട് ഡിസ്‌നി കമ്പനി ചെയര്‍മാനും സി.ഇ.ഒയുമായ റോബര്‍ട്ട് അല്ലെന്‍ ഐഗറും കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സിനിമ വ്യവസായ, വിനോദ, സാംസ്‌കാരിക മേഖലയില്‍ സൗദിയില്‍ നടപ്പിലാക്കുന്ന വമ്പന്‍ പദ്ധതികളെ കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു. ഡിസ്‌നി കമ്പനിയുടെ സേവനങ്ങള്‍ക്കും ഉല്‍പന്നങ്ങള്‍ക്കും രാജ്യത്തുള്ള വലിയ ആവശ്യകതയെ കുറിച്ച് കിരീടാവകാശി റോബര്‍ട്ട് ഐഗറെ ധരിപ്പിച്ചു. ഔദ്യോഗിക പ്രതിനിധി സംഘാംഗങ്ങള്‍ക്ക് പുറമെ, സൗദി അംബാസഡര്‍ ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ലോസ് ആഞ്ചലസിലെ താമസസ്ഥലത്ത് നടന്ന കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു.
വിനോദ, മാധ്യമ രംഗത്തെ ആഗോള പ്രശസ്തമായ കമ്പനി മേധാവികളുമായും കിരീടാവകാശി കൂടിക്കാഴ്ച നടത്തി. ഈ മേഖലകളിലെ പരസ്പര സഹകരണത്തിന്റെ സാധ്യതകള്‍ തേടിയ ചര്‍ച്ചയില്‍ ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ വീക്ഷിക്കുകയും ചെയ്തു.