ന്യൂദല്‍ഹി - ഇന്ത്യന്‍ കാര്‍ വിപണിയില്‍ വില്‍പനയില്‍ വന്‍ കുതിപ്പ് കൈവരിച്ച് ടാറ്റ നെക്‌സോണ്‍. രാജ്യത്ത് മെയിലെ കാര്‍ വില്‍പനയില്‍ നെക്‌സോണ്‍ രണ്ടാം സ്ഥാനത്തെത്തി. കൂടാതെ, ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന എസ്.യു.വിയായി നെക്സോണ്‍ മാറി. മാരുതി സുസുകി വാഗണ്‍ ആര്‍ ആണ് പട്ടികയില്‍ ഒന്നാമത്. മാരുതി സുസുകിയുടെ തന്നെ സ്വിഫ്റ്റ്, ബെലാനോ എന്നിവ മൂന്നും നാലും സ്ഥാനങ്ങളിലാണ്. മാരുതി സുസുകിയുടെ ഓള്‍ട്ടോ അഞ്ചാമതും എര്‍ട്ടിക ആറാമതും ഡിസയര്‍ ഏഴാമതുമാണ്. ഹ്യൂണ്ടായ് ക്രെറ്റയാണ് എട്ടാം സ്ഥാനത്ത്. ഈക്കോ, ബ്രെസ എന്നിവയാണ് ആദ്യ പത്തില്‍ ഇടം നേടിയ മറ്റ് വാഹനങ്ങള്‍. ടാറ്റയുടെ പഞ്ച് ആണ് പന്ത്രണ്ടാം സ്ഥാനത്ത്. 5-സ്റ്റാര്‍ ക്രാഷ് ടെസ്റ്റ് റേറ്റിംഗ്, നീണ്ട ഫീച്ചര്‍ ലിസ്റ്റ്, ശക്തമായ എന്‍ജിന്‍ ഓപ്ഷനുകള്‍, വിശാലമായ ഇന്റീരിയര്‍ എന്നിവയാണ് നെക്‌സോണിനെ ആകര്‍ഷകമാക്കുന്നത്. കൂടാതെ, മെയ് മാസം 14,614 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്.
കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ 6,439 പേരാണ് നെക്‌സോണ്‍ വാങ്ങിയതെങ്കില്‍ ഒരു വര്‍ഷത്തിനിടെ വില്‍പന ഇരട്ടിയിലധികം വര്‍ധിപ്പിക്കാന്‍ ടാറ്റയുടെ ജനപ്രിയ മോഡലിന് കഴിഞ്ഞു. അതിനാല്‍, 2022 മെയില്‍ ഒരു വര്‍ഷം കൊണ്ട് 127 ശതമാനം വളര്‍ച്ചയാണ് നെക്‌സോണ്‍ കൈവരിച്ചത്. കൂടാതെ, 2020 ഏപ്രിലില്‍ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട കാറായ ഹ്യൂണ്ടായ് ക്രെറ്റയെ വന്‍ വ്യത്യാസത്തില്‍ പിന്നിലാക്കാനും നെക്‌സോണിന് കഴിഞ്ഞു. ഈ വര്‍ഷം മെയില്‍, ഹ്യൂണ്ടായ് ക്രെറ്റയുടെ മൊത്തം വില്‍പ്പന 46 ശതമാനം വര്‍ധിച്ച് 10,973 യൂണിറ്റുകളായി.