പെണ്‍കുട്ടിയെ കാറില്‍ മാറിമാറി ബലാത്സംഗം ചെയ്തു, മറ്റുള്ളവര്‍ കാവല്‍നിന്നു; രണ്ടുപേര്‍ കൂടി അറസ്റ്റില്‍

ഹൈദരാബാദ്- തെലങ്കാനയില്‍ കൗമാരക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പ്രതികളെ കൂടി  പോലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദിലെ ജൂബിലി ഹില്‍സില്‍ കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം.  
ഹൈദരാബാദ് ബലാത്സംഗക്കേസില്‍ ഇതുവരെ മൂന്ന് പ്രതികളാണ് പിടിയിലായത്. സഅദുദ്ദീന്‍ മാലിക് എന്ന ഒരു പ്രതിയെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
മെയ് 28 ന് ഹൈദരാബാദിലെ ജൂബിലി ഹില്‍സ് ഏരിയയില്‍ പാര്‍ട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോളാണ് 17 കാരി കൂട്ടബലാത്സംഗത്തിനിരയായത്.
പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ അഞ്ച് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 354,323 എന്നീ വകുപ്പുകള്‍ പ്രകാരവും  പോക്‌സോ പ്രകാരവുമാണ് കേസ്.
തിരിച്ചറിഞ്ഞ അഞ്ച് പ്രതികളില്‍ മൂന്ന് പേരും പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് വെസ്റ്റ് സോണ്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ജോയല്‍ ഡേവിസ് അറിയിച്ചു.
സിസിടിവി ദൃശ്യങ്ങളും ഇരയുടെ മൊഴിയും അനുസരിച്ചാണ് അഞ്ച് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞതെന്ന് ഡി.സി.പി പറഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ വൈറലായ സെക്യൂരിറ്റി ഫൂട്ടേജില്‍ പെണ്‍കുട്ടി അക്രമികളെന്ന് സംശയിക്കുന്നവരോടൊപ്പം പബ്ബിന് പുറത്ത് നില്‍ക്കുന്നതായി കാണിക്കുന്നുണ്ട്. വീട്ടില്‍ വിടാമെന്ന് വാഗ്ദാനം ചെയ്താണ് പെണ്‍കുട്ടിയെ കാറില്‍ കയറ്റിയത്.
നഗരത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനുള്ളിലാണ് പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്.   അക്രമികള്‍ മാറിമാറി ബലാത്സംഗം ചെയ്തപ്പോള്‍ മറ്റുള്ളവര്‍ കാറിനു പുറത്തു കാവല്‍നിന്നു.
പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ ഉടന്‍ കര്‍ശന നടപടിയെടുക്കണമെന്ന് ഭരണകക്ഷിയായ ടി.ആര്‍.എസ് വര്‍ക്കിംഗ് പ്രസിഡന്റും തെലങ്കാന മന്ത്രിയുമായ കെ.ടി രാമറാവു വെള്ളിയാഴ്ച സംസ്ഥാന ആഭ്യന്തര മന്ത്രി, ഡിജിപി, ഹൈദരാബാദ് സിറ്റി പോലീസ് കമ്മീഷണര്‍ എന്നിവരോട് ആവശ്യപ്പെട്ടിരുന്നു.

 

Latest News