ന്യൂദല്‍ഹി- ഹോട്ടലുകള്‍ സര്‍വീസ് ചാര്‍ജ് ഈടാക്കരുതെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍. ഹോട്ടലുകള്‍ സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് നിയമവിരുദ്ധമാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ഭക്ഷണ സാധനങ്ങളുടെ വില നിശ്ചയിക്കാനുള്ള അധികാരം ഹോട്ടലുകള്‍ക്ക് ഉണ്ട്. എന്നാല്‍ ഈ അധികാരം ഹോട്ടലുകള്‍ ദുരുപയോഗം ചെയ്യരുതെന്നും കേന്ദ്രമന്ത്രി പിയുഷ്ഗോയല്‍ വ്യക്തമാക്കി.
റസ്റ്റോറന്റ് ബില്ലില്‍ ഉപഭോക്താക്കളില്‍ നിന്ന് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നേരത്തെയും നിലപാട് വ്യക്തമാക്കിയിരുന്നു. സേവനത്തിന് പണം നല്‍കണോ വേണ്ടയോ എന്നത് ഉപഭോക്താവിന്റെ വിവേചനാധികാരമാണെന്ന് ഉപഭോക്തൃകാര്യ വകുപ്പ് ചൂണ്ടിക്കാട്ടി. 2017 ല്‍ സര്‍വീസ് ചാര്‍ജിനെതിരെ ഉത്തരവ് ഇറക്കിയിട്ടുണ്ട്. മെനു കാര്‍ഡിലെ വിലയും നികുതിയുമല്ലാതെ ഉപഭോക്താവില്‍ നിന്ന് മറ്റൊരു ചാര്‍ജും അവരുടെ സമ്മതമില്ലാതെ ഈടാക്കുന്നത് ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്ന് 2017 ഏപ്രിലില്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നു. ഭക്ഷണശാലകള്‍ സര്‍വീസ് ചാര്‍ജ് ഈടാക്കിയാല്‍ ഉപഭോക്താക്കള്‍ക്ക് കണ്‍സ്യൂമര്‍ കോടതിയെ സമീപിക്കാം. മറ്റ് പേരുകളിലും ഈ പണം ഈടാക്കാന്‍ പാടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.