മുംബൈ-ബോളിവുഡ് ഗായകനും മലയാളിയുമായ കൃഷ്ണകുമാര്‍ കുന്നത്ത് എന്ന കെ.കെയുടെ സംസ്‌കാരത്തിനിടയിലെ ഫോട്ടോകള്‍ ട്രോളി സമൂഹമാധ്യമങ്ങളില്‍ ക്രൂരത. കെ.കെയുടെ കുടുംബം അദ്ദേഹത്തിന്റെ മരണത്തെ ആസ്വദിച്ചുവെന്നാണ് സമൂഹ മാധ്യമങ്ങളിലെ വിമര്‍ശം. തെളിവായി പുഞ്ചിരിക്കുന്ന ഫോട്ടോകളും.
വ്യാഴാഴ്ച മുംബൈയില്‍ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് കെ.കെയുടെ മൃതദേഹം സംസ്‌കരിച്ചത്. ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയായിരുന്നു വെര്‍സോവ ഹിന്ദു ശ്മശാനത്തില്‍ അദ്ദേഹത്തിന്റെ അന്ത്യകര്‍മങ്ങള്‍. ഹൃദയാഘാതത്തെ തുടര്‍ന്ന് മെയ് 31 ചൊവ്വാഴ്ച വൈകുന്നേരം കൊല്‍ക്കത്തയില്‍ വെച്ചായിരുന്നു കെ.കെ അന്ത്യശ്വാസം വലിച്ചത്. വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം മുംബൈയില്‍ എത്തിച്ചത്. അദ്ദേഹത്തിന്റെ പാട്ടുകള്‍ മലയാളികള്‍ ധാരാളമായി ആസ്വദിച്ചിരുന്നുവെങ്കിലും മലയാളിയാണെന്ന അറിവ് പലര്‍ക്കുമില്ലായിരുന്നു.
ഗായകന്റെ അവസാന യാത്രയുടെ നിരവധി ചിത്രങ്ങളും വീഡിയോകളും ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്. ഏതാനും ചിത്രങ്ങളില്‍, കെ.കെയുടെ കുടുംബം അദ്ദേഹത്തെ പുഞ്ചിരിയോടെ യാത്രയാക്കുന്നത് കാണാം. പുഞ്ചിരിയോടെ മരണം ആസ്വദിച്ചുവെന്നാരോപിച്ചാണ് കെ.കെയുടെ കുടുംബത്തെ ഒരു ദാക്ഷിണ്യവുമില്ലാതെ നെറ്റിസണ്‍മാര്‍ ട്രോളിയത്.
നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തുമ്പോള്‍, ഒരു വിഭാഗം നെറ്റിസണ്‍സ് അവരെ ന്യായീകരിച്ചും രംഗത്തുവന്നു. അവര്‍ ചിരിക്കുന്നില്ലെന്നും തെറ്റായ കോണില്‍ ഫോട്ടോ എടുത്തതാണെന്നും ചിലര്‍ പറഞ്ഞു. പ്രിയപ്പെട്ടവരോട് പുഞ്ചിരിയോടെ വിടപറയുന്നതില്‍ കുഴപ്പമില്ലെന്നാണ് മറ്റു ചിലര്‍ അഭിപ്രായപ്പെട്ടത്.
വിശാല്‍ ഭരദ്വാജ്, അശോക് പണ്ഡിറ്റ്, ജാവേദ് അക്തര്‍, ശങ്കര്‍ മഹാദേവന്‍, ഉദിത് നാരായണ്‍, അഭിജിത്ത് ഭട്ടാചാര്യ, ശ്രേയ ഘോഷാല്‍, സലിം മര്‍ച്ചന്റ്, അല്‍ക യാഗ്‌നിക്, രാഹുല്‍ വൈദ്യ, ജാവേദ് അലി, പാപോണ്‍, ശാന്തനു മൊയ്ത്ര, സുദേഷ് എന്നിവരുള്‍പ്പെടെ സംഗീത രംഗത്തെ നിരവധി പ്രമുഖര്‍ കെ.കെയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നു.
ഹിന്ദി, തമിഴ്, തെലുഗ്, കന്നഡ, ബംഗാളി തുടങ്ങി നിരവധി ഭാഷകളില്‍ കെ.കെയുടെ ഗാനങ്ങളുണ്ട്. കൈറ്റ്‌സ് എന്ന സിനിമയിലെ 'സിന്ദഗി ദോ പാല്‍ കി', ഓം ശാന്തി ഓം എന്ന സിനിമയിലെ 'ആംഖോണ്‍ മേ തേരി', ബച്ച്‌ന ഏ ഹസീനോ എന്ന സിനിമയിലെ 'ഖുദാ ജാനേ', ഹം ദില്‍ ദേ ചുകേ സനം എന്ന സിനിമയിലെ 'തഡപ് തഡപ്' തുടങ്ങിയ ഗാനങ്ങളിലൂടെയാണ് അദ്ദേഹം കൂടുതല്‍ അറിയപ്പെടുന്നത്.