ബെംഗളൂരു- വിവാഹ ചടങ്ങില്‍ വരന് മാല ചാര്‍ത്തുന്നതിനിടെ യുവതിയുടെ കഴുത്തില്‍ സ്പര്ശിച്ചതിനെച്ചൊല്ലി തര്‍ക്കം. മാല വലിച്ചെറിഞ്ഞ് യുവതി വേദി വിട്ടതോടെ കുടുംബാംഗങ്ങള്‍ തമ്മില്‍ തര്‍ക്കമായി. ഒടുവില്‍ വിവാഹം ഉപേക്ഷിക്കുന്നതിലാണ് കാര്യങ്ങള്‍ ചെന്നവസാനിച്ചത്. കര്‍ണാടകയിലെ നാരാവിയില്‍ മെയ് 25നായിരുന്നു സംഭവം. 500 ഓളം അതിഥികളായിരുന്നു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്. ചടങ്ങുകളുടെ ഭാഗമായി വരനും വധുവും പരസ്പരം മാലയിടുന്നതിനിടെയാണ് പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. വധുവിന്റെ കഴുത്തില്‍ മാലയിട്ടതിന് പിന്നാലെ യുവതി അത് വലിച്ചെറിഞ്ഞ് കല്യാണ മണ്ഡപത്തില്‍ നിന്ന് പോവുകയായിരുന്നു. വരന്റെ കൈ കഴുത്തില്‍ സ്പര്‍ശിച്ചെന്ന് പറഞ്ഞായിരുന്നു യുവതി വേദി വിട്ടത്.
ഇതോടെ വധുവിന്റെ പെരുമാറ്റം അപമാനിക്കുന്നതിന് തുല്യമാണെന്ന് ചൂണ്ടിക്കാട്ടി വരനും ബന്ധുക്കളും വിവാഹത്തില്‍ നിന്ന് പിന്മാറുകയാണെന്ന് പ്രഖ്യാപിച്ചു. ഇതോടെ ഇരുവിഭാഗവും തമ്മില്‍ തര്‍ക്കം ആരംഭിക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്.
പ്രശ്നം പരിഹരിച്ച് വിവാഹം നടത്താന്‍ പോലീസ് ശ്രമിച്ചെങ്കിലും വിവാഹത്തിന് ഇല്ലെന്ന നിലപാടില്‍ വരനും കുടുംബവും ഉറച്ച് നില്‍ക്കുകയായിരുന്നു. ഇതോടെ കല്യാണത്തിന് തയ്യാറാക്കിയ ഭക്ഷണം സമീപത്തെ സ്കൂളുകളില്‍ വിതരണം ചെയ്തു.