അമ്മാന് - തീര്‍ഥാടകരുടെ സൗകര്യം കണക്കിലെടുത്ത് യാതൊരുവിധ നിയന്ത്രണങ്ങളുമില്ലാതെ ഉംറ വിസാ കാലാവധി ഒരു മാസത്തില്‍ നിന്ന് മൂന്നു മാസമായി ദീര്‍ഘിപ്പിച്ചതായി ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ അറിയിച്ചു. കൂടുതല്‍ ഉംറ തീര്‍ഥാടകരെ മികച്ച നിലയില്‍ സ്വീകരിക്കാനാണ് വിഷന്‍ 2030 പദ്ധതി ലക്ഷ്യമിടുന്നത്. ഉംറ വിസകളില്‍ രാജ്യത്ത് എത്തുന്നവര്‍ക്ക് സൗദിയിലെ മുഴുവന്‍ പ്രവിശ്യകളിലും സഞ്ചരിക്കാന്‍ സാധിക്കുമെന്നും ഡോ. തൗഫീഖ് അല്‍റബീഅ പറഞ്ഞു.
ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ സൗദി എംബസിയില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഹജ്, ഉംറ മന്ത്രി. മിനായിലും അറഫയിലും തീര്‍ഥാടകരുടെ യാത്ര സുഗമമാക്കാനും വേഗത്തിലാക്കാനുമാണ് സ്മാര്‍ട്ട് കാര്‍ഡ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഹജിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഹജ് സ്മാര്‍ട്ട് കാര്‍ഡുകള്‍ ഈ വര്‍ഷം നടപ്പാക്കുമെന്ന് അറിയിച്ചു.
ഹജ് തീര്‍ഥാടകരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താനാണ് ആരോഗ്യ മന്ത്രാലയം പ്രവര്‍ത്തിക്കുന്നത്. ഈ വര്‍ഷം പത്തു ലക്ഷം പേര്‍ക്കാണ് ഹജ് അവസരം ലഭിക്കുക. മാതൃകാ രീതിയില്‍ ഹജ് സംഘാടനത്തിന് ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ സഹായിക്കും. ഇപ്പോള്‍ ഇ-സേവനം വഴി ഉംറ വിസകള്‍ ഇരുപത്തിനാലു മണിക്കൂറിനകം ഇഷ്യു ചെയ്യുന്നുണ്ട്. പുണ്യസ്ഥലങ്ങളിലെ താമസം, യാത്ര എന്നിവ ഇ-സേവനം വഴി മുന്‍കൂട്ടി തെരഞ്ഞെടുക്കാന്‍ തീര്‍ഥാടകര്‍ക്ക് സാധിക്കും. നേരത്തെ ഉംറ സര്‍വീസ് കമ്പനികളും ഏജന്‍സികളും വഴിയാണ് ഉംറ തീര്‍ഥാടകര്‍ക്ക് വിസകള്‍ അനുവദിച്ചിരുന്നത്. സര്‍വീസ് കമ്പനികളുടെ സേവനം പ്രയോജനപ്പെടുത്താതെ ഇപ്പോള്‍ ഇ-സേവനം വഴി ആര്‍ക്കും എളുപ്പത്തില്‍ ഉംറ വിസ ലഭിക്കും. യാത്രാ, താമസ സൗകര്യങ്ങള്‍ക്ക് ഹജ്, ഉംറ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള വിശ്വാസയോഗ്യമായ കമ്പനികളുമായി മുന്‍കൂട്ടി ധാരണയിലെത്താന്‍ സാധിക്കും.