കൊൽക്കത്ത- സംഗീത പരിപാടി കഴിഞ്ഞതിനു തൊട്ടുപിന്നാലെ ഹോട്ടലിൽ കുഴഞ്ഞുവീണു മരിച്ച ബോളിവുഡിലെ ജനപ്രിയ ഗായകനും മലയാളിയുമായ കെകെ എന്ന കൃഷ്ണകുമാർ കുന്നത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കൊൽക്കത്ത പോലീസ് കേസെടുത്തു. കെകെയുടെ മുഖത്തും തലയിലും മുറിവുകളുണ്ട്. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. കെകെയുടെ മൃതദേഹം ഇന്നു പോസറ്റ്‌മോർട്ടം ചെയ്യും. കൊൽക്കത്ത സിഎംആർഐ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.ദൽഹിയിൽ പൊതുദർശനത്തിന് ശേഷമാകും സംസ്‌കാരം. കൊൽക്കത്തയിൽ നടന്ന സംഗീത പരിപാടിക്കിടെ കെകെയ്ക്ക് അസ്വസ്ഥത ഉണ്ടായിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. സംഗീത പരിപാടിക്ക് ശേഷം മടങ്ങിയെത്തിയ കെ.കെ ഗ്രാൻഡ് ഹോട്ടലിൽ വെച്ച് കുഴഞ്ഞ് വീഴുകയായിരുന്നു.
കെകെ കുഴഞ്ഞുവീണ ഹോട്ടൽ മുറിയിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കാൻ പോലീസ് തീരുമാനിച്ചു. സംഗീത പരിപാടിയുടെ സംഘാടകരെയും കെകെ താമസിച്ചിരുന്ന ഹോട്ടലിലെ ജീവനക്കാരെയും ചോദ്യം ചെയ്യും. കൊൽക്കത്ത നസറുൾ മഞ്ചിലെ വിവേകാനന്ദ കോളേജിൽ ആയിരങ്ങളെ കോരിത്തരിപ്പിച്ച ലൈവ് ഷോയ്ക്ക് ശേഷം ഹോട്ടലിലേക്ക് മടങ്ങിയ 53 കാരനായ കെകെ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു.ഉടനെ സഹപ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ആശുപത്രിയിലെത്തുമ്പോഴേക്കും അന്ത്യം സംഭവിച്ചിരുന്നു.
കെ കെ വേദിയിൽ നിന്ന് അസ്വസ്ഥനായി പുറത്തേക്ക് പോകുന്ന ഒരു വീഡിയോയും പ്രചരിക്കുന്നുണ്ട്. ഈ വീഡിയോകളും ദൃക്‌സാക്ഷി മൊഴികളുമെല്ലാം വേദിയിലെ ക്രമീകരണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളും ഉയർത്തുന്നു. വേദിയിൽ എയർ കണ്ടീഷനിംഗ് പ്രവർത്തിക്കുന്നില്ലായിരുന്നുവെന്നും ചൂട് അസഹനീയമായിരുന്നതായും ആരോപണം ഉയരുന്നുണ്ട്. സംഗീത പരിപാടിക്കിടെ സ്‌റ്റേജിലിരിക്കുന്ന ഒരാളോട് കെ കെ ആംഗ്യം കാണിക്കുന്നതായും പ്രചരിക്കുന്ന വീഡിയോയിലുണ്ട്. എയർ കണ്ടീഷനിംഗിനെക്കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നതെന്ന് തോന്നിക്കുന്നുണ്ടെങ്കിലും കാര്യം വ്യക്തമല്ല. അതേസമയം വീഡിയോയുടെ പശ്ചാത്തലത്തിൽ അധികാരിയുടെ അശ്രദ്ധ മൂലമാണ് ഇതിഹാസം മരണത്തിന് കീഴടങ്ങിയതെന്ന് ആരോപിച്ച് സോഷ്യൽ മീഡിയ പോസ്റ്റുകളും പ്രചരിക്കുന്നുണ്ട്.
ബോളിവുഡ് ഹിറ്റുകളിലൂടെ ആസ്വാദകരുടെ മനംകവർന്ന മലയാളി ഗായകനാണ് കെ.കെ. എന്ന കൃഷ്ണകുമാർ കുന്നത്ത് . കെ.കെ. എന്നപേരിൽ സംഗീതലോകത്ത് അറിയപ്പെട്ടിരുന്ന അദ്ദേഹം വിവിധ ഭാഷകളിലായി നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. സിനിമാഗാനങ്ങൾക്കൊപ്പം ഇൻഡി പോപ്പ്, പരസ്യചിത്രങ്ങളുടെ ഗാനമേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ചു. പ്രിയപ്പെട്ട ഗായകന്റെ അപ്രതീക്ഷിത വേർപാടിന്റെ ഞെട്ടലിലാണ് ആരാധകരും സുഹൃത്തുക്കളും. കാൽ നൂറ്റാണ്ടിലധികം ഇന്ത്യൻ സിനിമാ സംഗീത രംഗത്ത് തിളങ്ങി നിന്ന ഗായകന് രാജ്യത്തെമ്പാടു നിന്നും അനുശോചന പ്രവാഹമാണ്. തൃശൂർ തിരുവമ്പാടി സ്വദേശി സി.എസ്.മേനോന്റെയും പൂങ്കുന്നം സ്വദേശി കനകവല്ലിയുടെയും മകനായി 1968ൽ ദൽഹിയിലാണ് കെകെ ജനിച്ചത്. ബാല്യകാലസഖിയായ ജ്യോതിയെയാണു വിവാഹം ചെയ്തത്.