ഹൈദരാബാദ്- ആത്മഹത്യക്ക് ശ്രമിച്ച തെലുങ്ക് ടെലിവിഷന്‍ താരം മൈഥിലി ആശുപത്രിയില്‍. അമിതമായി ഉറക്ക ഗുളികകള്‍ കഴിച്ച നടിയെ പോലീസെത്തിയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
തിങ്കളാഴ്ച വൈകിട്ട് പഞ്ചഗുട്ട പൊലീസ് സ്‌റ്റേഷനിലേക്കു വിളിച്ച മൈഥിലി ഭര്‍ത്താവിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഭര്‍ത്താവിന്റെ വാഹനം പിടിച്ചെടുത്തില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും നടി പോലീസിനോടു പറഞ്ഞു. ഇതിനു പിന്നാലെയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്.
മൊബൈല്‍ സിഗ്‌നല്‍ നോക്കിയാണ് പോലീസ് നടിയുടെ വീട്ടിലെത്തിയത്. ബോധമില്ലാതെ കിടക്കുന്ന നിലയില്‍ കണ്ടെത്തി നടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.
ആറു മാസം മുമ്പ് നടി ഭര്‍ത്താവിനെതിരെ പരാതി നല്‍കിയിരുന്നു. നടിയെ ഉപദ്രവിച്ച സംഭവത്തില്‍ ഭര്‍ത്താവിനും മറ്റു നാലു പേര്‍ക്കുമെതിരെ ആയിരുന്നു പരാതി.