ന്യൂദല്‍ഹി- കേന്ദ്രഭരണ പ്രദേശത്തെ ക്രമസമാധാന പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ജമ്മു കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഫാറൂഖ് അബ്ദുല്ല.
നിങ്ങള്‍ ജമ്മു കശ്മീരിലെ ജനങ്ങളുടെ ഹൃദയം കീഴടക്കുന്നതുവരെ സമാധാനമുണ്ടാകില്ലെന്ന് ദല്‍ഹിയില്‍ ഒരു പരിപാടിയില്‍ സംസാരിക്കവെ അദ്ദേഹം കേന്ദ്ര സര്‍ക്കാരിനെ ഓര്‍മിപ്പിച്ചു.
കശ്മീരില്‍ ഓരോ ദിവസവും ആളുകള്‍ അക്രമങ്ങളില്‍ മരിക്കുകയാണ്. കേന്ദ്രഭരണപ്രദേശത്ത് മരണങ്ങള്‍ നടക്കാത്ത ഒരു ദിവസം പോലുമില്ല. കേന്ദ്രഭരണ പ്രദേശത്തിന്റെ വലിയൊരു ഭാഗവും സൈനികരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. സൈന്യത്തിന് എല്ലായ്‌പ്പോഴും ജനങ്ങളുടെ ഹൃദയം കീഴടക്കാന്‍ കഴിയില്ല. പകരം സ്‌നേഹമാണ് വേണ്ടത്. ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ മനസ്സിലാക്കണം- അദ്ദേഹം പറഞ്ഞു.
അതിനിടെ, ഈ വര്‍ഷം ആദ്യ അഞ്ച് മാസത്തിനിടെ ജമ്മു കശ്മീരില്‍ ലഷ്‌കറെ തയ്യിബ, ജെയ്‌ശെ മുഹമ്മദ് എന്നീ സംഘടനകളുമായി ബന്ധമുള്ള 26 ഭീകരര്‍ കശ്മീരില്‍ കൊല്ലപ്പെട്ടതായി ജമ്മു കശ്മീര്‍ പോലീസ് അറിയിച്ചു.
വ്യാഴാഴ്ച കുപ്‌വാര ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ലശ്കര്‍ ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നുവെന്നും കശ്മീര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ വിജയ് കുമാര്‍ പറഞ്ഞു.