ന്യൂദല്‍ഹി- ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് കൈമാറുന്നതു സംബന്ധിച്ച് പുറത്തിറക്കിയ മുന്നറിയിപ്പു പിന്‍വലിച്ച് കേന്ദ്ര ഐടി മന്ത്രാലയം. മുന്നറിയിപ്പ് തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ഐടി മന്ത്രാലയത്തിന്റെ നടപടി. ആധാര്‍ കാര്‍ഡിന്റെ ഫോട്ടോസ്റ്റാറ്റ് പകര്‍പ്പ് കൈമാറരുതെന്നായിരുന്നു നിര്‍ദേശം. ആധാര്‍ വിവരങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ സാധാരണ മുന്‍കരുതല്‍ മതിയെന്നാണ് പുതിയ അറിയിപ്പ്. ആധാര്‍ കാര്‍ഡില്‍ സ്വകാര്യത സംരക്ഷിക്കാന്‍ ആവശ്യമായ സൗകര്യങ്ങളുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
ആധാര്‍ കാര്‍ഡിന്റെ ഫോട്ടോകോപ്പി ഒരു സ്ഥാപനവുമായും പങ്കിടരുതെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. ആധാര്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ഐടി മന്ത്രാലയം ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയത്. ഫോട്ടോകോപ്പി നല്‍കുന്നതിനു പകരം വ്യക്തികളുടെ ആധാര്‍ നമ്പറിലെ അവസാന നാലക്കം മാത്രം പ്രദര്‍ശിപ്പിക്കുന്ന 'മാസ്‌ക്ഡ് ആധാര്‍' ഉപയോഗിക്കണമെന്നും കേന്ദ്ര നിര്‍ദേശത്തില്‍ വ്യക്തമാക്കിയിരുന്നു.യുണീക് ഐഡന്റിഫികേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍നിന്നും (യുഐഡിഎഐ) യൂസര്‍ ലൈസന്‍സ് നേടിയ സ്ഥാപനങ്ങള്‍ക്കു മാത്രമേ ഒരു വ്യക്തിയുടെ തിരിച്ചറിയല്‍ വിവരങ്ങള്‍ക്കായി ആധാര്‍ ഉപയോഗിക്കാന്‍ അനുമതിയുള്ളൂവെന്ന് ഐടി മന്ത്രാലയം മേയ് 27നു പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. ലൈസന്‍സില്ലാത്ത ഹോട്ടലുകള്‍, സിനിമാ ഹാളുകള്‍ തുടങ്ങിയ സ്വകാര്യ സ്ഥാപനങ്ങള്‍ ആധാര്‍ കാര്‍ഡുകളുടെ പകര്‍പ്പ് സ്വീകരിക്കുകയോ കൈവശം വയ്ക്കുകയോ ചെയ്യരുതെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
ആധാര്‍ പകര്‍പ്പ് ഇത്തരത്തില്‍ നിയമവിരുദ്ധമായി കൈവശം വയ്ക്കുന്നത് ആധാര്‍ ആക്ട് 2016 പ്രകാരം ശിക്ഷ ലഭിക്കാവുന്ന കുറ്റമാകുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഇത്തരത്തിലുള്ള സ്ഥാപനങ്ങള്‍ ആധാര്‍ കാര്‍ഡോ അതിന്റെ പകര്‍പ്പോ ആവശ്യപ്പെടുകയാണെങ്കില്‍ അവര്‍ക്ക് യുഐഡിഎഐ ലൈസന്‍സ് ഉണ്ടോയെന്ന് പരിശോധിക്കാമെന്നും മന്ത്രാലയം നിര്‍ദേശിച്ചിരുന്നു. ഈ മുന്നറിയിപ്പുകളെല്ലാം ഉള്‍പ്പെടുന്ന നിര്‍ദ്ദേശമാണ് ഇപ്പോള്‍ പിന്‍വലിച്ചത്.