മുംബൈ-ലഹരിവിരുന്ന് കേസില്‍ അറസ്റ്റിലായ ബോളിവുഡ് നടന്‍ ഷാറുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ ബോളിവുഡ് താരം റിയ ചക്രവര്‍ത്തി പ്രതിയായ ലഹരിക്കേസിലും സമാനമായ പുനരന്വേഷണം ആവശ്യപ്പെട്ട് പ്രമുഖ അഭിഭാഷകന്‍ സതീഷ് മനേഷിന്‍ഡെ. ആര്യന്‍ ഖാന്‍ കേസില്‍ സതീഷ്, ആര്യനു വേണ്ടി വാദിച്ചിരുന്നു. റിയയുടെ അഭിഭാഷകനും സതീഷാണ്. സുശാന്ത് സിങ് രജ്പുത്തിന്റെ മരണം സംബന്ധിച്ച കേസിലും ലഹരിക്കേസിലും റിയയെ അറസ്റ്റ് ചെയ്തിരുന്നു.
'ആര്യന്‍ കേസില്‍ സംഭവിച്ചതിന് സമാനമായി റിയയുടെ കേസിലും അന്വേഷണം നടത്തണം. കൃത്യമായ പരിശോധന നടന്നില്ല, ലഹരി സാന്നിധ്യം കണ്ടെത്തിയതുമില്ല. കഴിഞ്ഞ മൂന്നു വര്‍ഷമായി നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യുറോ നിരവധി ആള്‍ക്കാരെ അനാവശ്യമായി ബുദ്ധിമുട്ടിക്കുന്നു. ആര്യന്‍ ഖാന്‍ കേസ് തെളിയിച്ചതും അതാണ്. ആര്‍ക്കെതിരെയും കള്ളക്കേസുകള്‍ ഉണ്ടാക്കാം. റിയ ചക്രവര്‍ത്തിയുടെ കാര്യത്തിലും പുതിയ അന്വേഷണം തുടങ്ങേണ്ടത് അനിവാര്യമാണ്.
ആര്യന്‍ ഖാന്റെ കേസ് പിന്‍വലിച്ച നടപടി ഷാറുഖ് കുടുംബത്തിനും വലിയ ആശ്വാസമാണ്. അവര്‍ ഒരുപാട് അനുഭവിച്ചു. പോലീസിനും മറ്റു നിയമനിര്‍വഹണ ഏജന്‍സികള്‍ക്കും അധികാരം ദുരുപയോഗം ചെയ്യാനുള്ള ശക്തി എന്താണെന്ന് എല്ലാവര്‍ക്കുമറിയുന്നതാണ്. ഇത്തരം സംഭവങ്ങളില്‍ പ്രധാനമന്ത്രി ഇടപെടണം എന്നാണ് എന്റെ അഭ്യര്‍ഥന. സതീഷ് മനേഷിന്‍ഡെ കൂട്ടിച്ചേര്‍ത്തു.