Sorry, you need to enable JavaScript to visit this website.

ഭര്‍ത്താവിനെ ക്വട്ടേഷന്‍ നല്‍കി കൊന്നു; 40കാരിയും  ആണ്‍സുഹൃത്തും വാടകക്കൊലയാളിയും അറസ്റ്റില്‍

ന്യൂദല്‍ഹി-  ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ 40കാരിയും ആണ്‍സുഹൃത്തും മറ്റൊരു യുവാവും അറസ്റ്റിലായി. ദല്‍ഹിയിലെ ദരിയാഞ്ചില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. സീബ ഖുറേഷി (40), മീററ്റ് സ്വദേശിയായ ഷൊയിബ് (29), വിനീത് ഗോസ്വാമി (29) എന്നിവരെയാണ് കേസില്‍ ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. ഭര്‍ത്താവായ മൊയ്‌നുദ്ദീന്‍ ഖുറേഷിയെ കൊലപ്പെടുത്തണമെന്ന് സീബ നേരത്തെ തീരുമാനിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു.
വ്യാഴാഴ്ച രാത്രി 10 മണിയോടെ ഒരു സ്‌കൂളിന് പുറത്തെ ഗേറ്റിന് സമീപം മൂത്രമൊഴിച്ച് നില്‍ക്കുന്നതിനിടയിലാണ് മൊയ്‌നുദ്ദീന് വെടിയേറ്റത്. അന്വേഷണത്തില്‍ കൊലയാളികള്‍ ഉപയോഗിച്ച ബൈക്ക് സംബന്ധിച്ച് പോലീസിന് വിവരം ലഭിച്ചിരുന്നു. ഉത്തര്‍പ്രദേശ് രജിസ്‌ട്രേഷനിലുള്ള വെള്ള നിറത്തിലെ ബൈക്ക് പിന്നീട് ദരിയാഗഞ്ചിലെ താരാ ഹോട്ടലിന് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇത് മോഷ്ടിച്ചുകൊണ്ടുവന്നതാണെന്നും പോലീസ് കണ്ടെത്തി.  അന്വേഷണത്തില്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ സീബയേയും കൂട്ടാളികളേയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് സെന്‍ട്രല്‍ പോലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ ശ്വേത ചൗഹാന്‍ പറഞ്ഞു. റിയല്‍ എസ്‌റ്റേറ്റ് ഡീലറായിരുന്നു കൊല്ലപ്പെട്ട മൊയ്‌നുദ്ദീന്‍. സീബയ്ക്ക് രണ്ട് ആണ്‍കുട്ടികളും ഒരു മകളുമുണ്ട്. ഭര്‍ത്താവുമായി പ്രശ്‌നങ്ങളുണ്ടായിരുന്ന സീബ ബന്ധം വേര്‍പ്പെടുത്തണമെന്നും മറ്റൊരു വിവാഹം കഴിക്കണമെന്നും ആഗ്രഹിച്ചിരുന്നു.
ഫേസ്ബുക്ക് വഴിയാണ് ഷൊയ്ബിനെ പരിചയപ്പെട്ടതും ഇരുവരും തമ്മില്‍ അടുപ്പത്തിലായതും. ഭര്‍ത്താവിനെ കൊലപ്പെടുത്തണമെന്നും ഇതിന് ശേഷം ഒരുമിച്ച് ജീവിക്കാമെന്നും സീബയാണ് ഷൊയ്ബിനോട് പറഞ്ഞത്. ഇതിന് ശേഷം അഞ്ച് മാസത്തോളം കൊലപാതകം നടത്താന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും ആറ് ലക്ഷം രൂപ പ്രതിഫലം നല്‍കി വിനിത് ഗോസ്വാമിയെ വാടകയ്ക്ക് എടുക്കുകയുമായിരുന്നു. മൊയ്‌നുദ്ദീനെ കൊലപ്പെടുത്താന്‍ മുന്‍പ് നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു.
വാട്‌സ്ആപ്പിലെ എബൗട്ട് വഴിയാണ് ഭര്‍ത്താവിന്റെ നീക്കങ്ങള്‍ സീബ ഷൊയ്ബിനേയും വിനിതിനേയും അറിയിച്ചിരുന്നത്. മുന്‍പ് കൊലപാതക ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ സീബ ആണ്‍സുഹൃത്തിനോട് എത്രയും വേഗം ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്നും പോലീസ് പറയുന്നു. ഷൊയ്ബിന്റെ വിവാഹം നാല് വര്‍ഷം മുന്‍പ് കഴിഞ്ഞതാണ്. ഇയാള്‍ക്ക് ഒരു മകനുമുണ്ട്.
 

Latest News