കൊച്ചി- ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ ആദ്യ ചലച്ചിത്ര പുരസ്‌കാരം നടി നേഹക്ക് ലഭിച്ചു. തെരുവ് ജീവിതത്തില്‍നിന്ന് വീട്ടമ്മയായി മാറുന്ന ട്രാന്‍സ് വുമണ്‍ കഥാപാത്രത്തിന്റെ ആത്മസംഘര്‍ഷം തന്മയത്വത്തോടെ അവതരിപ്പിച്ച അഭിനയ മികവിനാണ് ഈ അംഗീകാരം. പി. അഭിജിത്തിന്റെ ആദ്യ സിനിമയാണ് 'അന്തരം'.
സൗത്ത് ഏഷ്യയിലെ ഏറ്റവും വലിയ ഫിലിം ഫെസ്റ്റിവെലായ പതിമൂന്നാമത് കാഷിഷ് മുംബൈ ഇന്റര്‍നാഷണല്‍ ക്വിര്‍ ഫിലിം ഫെസ്റ്റിവെലിന്റെ ഉദ്്ഘാടന ചിത്രമായി 'അന്തരം' പ്രദര്‍ശിപ്പിക്കുന്നുണ്ട്. ചെന്നൈയില്‍നിന്നുള്ള ട്രാന്‍സ് വുമണ്‍ നേഹ മലയാളത്തില്‍ ആദ്യമായി നായികയാകുന്ന ചിത്രമാണ് അന്തരം. ജയ്പൂര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെല്‍, ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെല്‍ തൃശൂര്‍ തുടങ്ങിയ രാജ്യാന്തര ഫിലിം ഫെസ്റ്റിവെലുകളിലും അന്തരം പ്രദര്‍ശിപ്പിച്ചിരുന്നു. കാഷിഷ് മുംബൈ ഇന്റര്‍നാഷണല്‍ ക്വിര്‍ ഫിലിം ഫെസ്റ്റിവെലില്‍ ജൂണ്‍ 1 നാണ് അന്തരത്തിന്റെ പ്രദര്‍ശനം.53 രാജ്യങ്ങളില്‍ നിന്നുള്ള 184 സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.
ഗ്രൂപ്പ് ഫൈവ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഫോട്ടോ ജേണലിസ്റ്റ് പി. അഭിജിത്ത് ആദ്യമായൊരുക്കുന്ന സിനിമയാണ് അന്തരം. കോള്‍ഡ് കേസ്, എസ് ദുര്‍ഗ്ഗ, ലില്ലി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കണ്ണന്‍ നായരാണ് ചിത്രത്തിലെ നായകന്‍. 'രക്ഷാധികാരി ബൈജു' വിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച നക്ഷത്ര മനോജ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. എഴുത്തുകാരിയും അഭിനേത്രിയും പ്രമുഖ ട്രാന്‍സ് ആക്റ്റിവിസ്റ്റുമായ എ. രേവതി അതിഥി താരമായി എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തെക്കുറിച്ച് ഫോട്ടോ എക്‌സിബിഷനുകളും ഡോക്യുമെന്ററികളും തയാറാക്കി ശ്രദ്ധേയനായ മാധ്യമ പ്രവര്‍ത്തകനാണ് പി. അഭിജിത്ത്.