ന്യൂദല്‍ഹി- പട്ടിക വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള എസ് സി/ എസ് ടി നിയമത്തിലെ ഏതാനും വ്യവസ്ഥകള്‍ ലഘൂകരിച്ച സുപ്രീം കോടതി ഉത്തരവ് പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി ഇന്ന് കോടതി പരിഗണിക്കും. സുപ്രീ കോടതി ഉത്തരവിനെതിരെ രാജ്യവ്യാപകമായി ദലിത് സംഘടനകളുടെ നേതൃത്വത്തില്‍ വന്‍ പ്രക്ഷോഭം നടന്നതിനിടെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം തിരക്കിട്ട് കേന്ദ്രം പുനപ്പരിശോധനാ ഹരജി നല്‍കിയത്. അടിയന്തര ഹരജി കഴിഞ്ഞ ദിവസം പരിഗണിക്കാന്‍ സുപ്രിം കോടതി വിസമ്മതിച്ചിരുന്നു. ഹരജി പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പ്രത്യേക ബെഞ്ചിനെ നിയോഗിച്ചു. ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഇതു പരിഗണിക്കും.
എസ് സി/എസ് ടി നിയമപ്രകാരം നല്‍പ്പെടുന്ന പരാതികളില്‍ സ്വമേധയാ അറസ്റ്റ് ചെയ്യരുതെന്നായിരുന്നു കഴിഞ്ഞ മാസം സുപ്രീം കോടതി ഉത്തരവിട്ടത്. ഈ വ്യവസ്ഥ മൂലം നിരപരാധികള്‍ ശിക്ഷിക്കപ്പെടുന്നുവെന്നായിരുന്നു വിധി പറഞ്ഞ ബെഞ്ചിന്റെനിരീക്ഷണം. ഈ നിയമ പ്രകാരമുള്ള പരാതികളിന്മേല് പ്രാഥമിക അന്വേഷണം നടത്തി മാത്രമെ അറസ്റ്റ് പാടുള്ളൂവെന്നും കോടതി വിധിച്ചിരുന്നു. എന്നാല്‍ ഈ വിധി നിയമത്തെ ലഘൂകരിക്കുന്നതാണെന്ന് വിലയിരുത്തപ്പെട്ടു. ഇതു രാജ്യ വ്യാപകമായി ദലിതരുടെ പ്രതിഷേധം ക്ഷണിച്ചു വരുത്തുകയായിരുന്നു.വിധി സ്റ്റേ ചെയ്യണമെന്നാണ് കേന്ദ്രം ഹരജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതിനെതിരെ കഴിഞ്ഞ ദിവസം ദലിത് സംഘടനകള്‍ നടത്തിയ ഭാരത് ബന്ദില്‍ ഒമ്പതു പേരാണ് കൊല്ലപ്പെട്ടത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ ആളിപ്പടര്‍ന്ന പ്രക്ഷോഭം കനത്ത നാശനഷ്ടങ്ങള്‍ക്കും കാരണമായി.