Sorry, you need to enable JavaScript to visit this website.

അര്‍ച്ചന കവിയോട് എസ്.ഐ  അപമര്യാദയായി പെരുമാറിയെന്നു റിപ്പോര്‍ട്ട്

കൊച്ചി- രാത്രി ഓട്ടോയില്‍ യാത്രചെയ്യവേ നടി അര്‍ച്ചന കവിയോടും സുഹൃത്തുക്കളോടും പോലീസ് ഇന്‍സ്‌പെക്ടര്‍ മോശമായി പെരുമാറിയെന്ന് ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട്. ഇന്‍സ്‌പെക്ടര്‍ വി.എസ്. ബിജുവിനെതിരെ വകുപ്പുതല നടപടിക്ക് മട്ടാഞ്ചേരി എസിപി ശുപാര്‍ശ ചെയ്തു. ആഭ്യന്തര അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് കൊച്ചി കമ്മിഷണര്‍ക്ക് കൈമാറി.
ഞായര്‍ രാത്രി പത്തരയ്ക്കുശേഷം കൊച്ചി രവിപുരത്തുനിന്ന് ഓട്ടോയില്‍ ഫോര്‍ട്ടുകൊച്ചിയിലേക്കു പോകുന്നതിനിടെയാണ് നടി അര്‍ച്ചന കവിക്കും സുഹൃത്തുക്കള്‍ക്കും ദുരനുഭവമുണ്ടായത്. തനിക്കു മോശം അനുഭവം ഉണ്ടായെന്ന വിവരം നടി സമൂഹമാധ്യമങ്ങളിലൂടെയാണ് പുറത്തുവിട്ടത്.
നടി പരാതി നല്‍കിയില്ലെങ്കിലും പോലീസുകാരന്‍ മോശമായി പെരുമാറിയെന്ന ആരോപണത്തില്‍ ആഭ്യന്തര അന്വേഷണം നടത്തുകയായിരുന്നു. നടിയോടും സുഹൃത്തുക്കളോടും മോശമായി പെരുമാറിയിട്ടില്ലെന്നാണ് ഇന്‍സ്‌പെക്ടര്‍ വി.എസ്.ബിജു നല്‍കിയ വിശദീകരണം. രാത്രി പട്രോളിങ്ങിന്റെ ഭാഗമായുള്ള പതിവു വിവരങ്ങള്‍ മാത്രമാണ് ആരാഞ്ഞതെന്ന് പോലീസുകാരന്‍ അന്വേഷണ ചുമതലയുള്ള മട്ടാഞ്ചേരി എസിപിക്ക് മറുപടി നല്‍കിയിരുന്നു.
പരുഷമായാണ് പോലീസുകാരന്‍ തന്നോടു പെരുമാറിയതെന്ന് അര്‍ച്ചന കവി പറഞ്ഞു. വിശദമായ അന്വേഷണത്തില്‍ ഇന്‍സ്‌പെക്ടറുടെ ഭാഗത്തുനിന്നു വീഴ്ച ഉണ്ടായതായി കണ്ടെത്തി. റിപ്പോര്‍ട്ട് ലഭിച്ചെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ വകുപ്പുതല നടപടി ഉണ്ടാകുമെന്നും കമ്മിഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു.
 

Latest News