Sorry, you need to enable JavaScript to visit this website.

കാവ്യ മാധവനെ പ്രതിയാക്കില്ല;  തുടരന്വേഷണം അവസാനിപ്പിക്കുന്നു

കൊച്ചി- നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം ക്രൈംബ്രാഞ്ച് അവസാനിപ്പിക്കുന്നു. കേസിലെ അധിക കുറ്റപത്രം ഈ മാസം 31ന് മുന്‍പ് സമര്‍പ്പിക്കും. തുടരന്വേഷണത്തിനായി ഇനി അന്വേഷണ സംഘം സമയം നീട്ടി ചോദിക്കില്ല. നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യാ മാധവന്‍ കേസില്‍ പ്രതിയാകില്ല. കാവ്യയ്‌ക്കെതിരെ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. കാവ്യ സാക്ഷിയായി തുടരും.
ദിലീപിന്റെ അഭിഭാഷകരെയും കേസില്‍ നിന്ന് ഒഴിവാക്കും. അഭിഭാഷകരുടെ മൊഴി പോലും എടുക്കാതെയാണ് ക്രൈംബ്രാഞ്ചിന്റെ പിന്‍മാറ്റം. കേസ് അട്ടിമറിക്കാന്‍ അഭിഭാഷകര്‍ ഇടപെട്ടതായി അന്വേഷണ സംഘം നേരത്തെ ആരോപിച്ചിരുന്നു. അഭിഭാഷകരെ ചോദ്യം ചെയ്യണമെന്ന് ഹൈക്കോടതിയിലും ആവശ്യപ്പെട്ടിരുന്നു.ദിലീപിന്റെ സുഹൃത്ത് ശരത് മാത്രമായിരിക്കും അധിക കുറ്റപത്രത്തില്‍ പ്രതിയാവുക. തെളിവ് നശിപ്പിക്കല്‍, തെളിവ് ഒളിപ്പിക്കല്‍ അടക്കമുള്ള കുറ്റം ചുമത്തിയാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്. തുടരന്വേഷണത്തിലെ ആദ്യ അറസ്റ്റാണിത്. കേസിലെ 'വിഐപി' ശരത് ആണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. നടിയെ ആക്രമിച്ച പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടിലെത്തിച്ചത് ശരത്താണെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.
ഈ മാസം 31ന് മുന്‍പ് തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കേസ് അവസാനിപ്പിക്കുക എന്ന നിലപാടിലേക്കാണ് അന്വേഷണ സംഘമെത്തിയിരിക്കുന്നത്. തുടരന്വേഷണവുമായി ബന്ധപ്പെട്ട് ശരത്തിനെ അറസ്റ്റ് ചെയ്യുകയും ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തി അധിക കുറ്റപത്രം സമര്‍പ്പിച്ചായിരിക്കും റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അധിക സമയം അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു
 

Latest News