അഗര്‍ത്തല- ത്രിപുരയിലെ ഒരു പാവം സ്ത്രീ ഭരണകക്ഷിയായ ബി.ജെ.പി എം.എല്‍.എയുടെ കാല്‍ കഴുകുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെത്തുടര്‍ന്ന് പൊതുജന രോഷം.
ബദര്‍ഘട്ട് നിയമസഭാംഗം മിമി മജുംദര്‍ പടിഞ്ഞാറന്‍ ത്രിപുര ജില്ലയിലെ തന്റെ മണ്ഡലത്തിലെ പ്രളയബാധിത പ്രദേശമായ സൂര്യപാറ സന്ദര്‍ശിച്ചപ്പോഴാണ് സംഭവം.
സ്‌നേഹവും വാത്സല്യവും കൊണ്ടാണ് യുവതി തന്റെ പാദങ്ങള്‍ കഴുകിയതെന്നാണ് എം.എല്‍.എയുടെ വാദം.
സ്ഥല സന്ദര്‍ശനം പൂര്‍ത്തിയാക്കിയ മിമി മജൂംദറിന്റെ കാലുകള്‍ ഭാരതി ദേബ്‌നാഥ് എന്ന സ്ത്രീ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുന്നതും ടവ്വല്‍ ഉപയോഗിച്ച് തുടക്കുന്നതുമാണ് വീഡിയോയിലുള്ളത്.
ബദര്‍ഘട്ട് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മുന്‍ പ്രധാനാധ്യാപികയായ മജുംദര്‍ 2019 ലെ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ടിക്കറ്റ് ലഭിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ മുമ്പ് മാത്രമാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.
ഒരു എംഎല്‍എയോടുള്ള സ്‌നേഹവും വാത്സല്യവും നിമിത്തം വൃദ്ധ എന്റെ കാലുകള്‍ കഴുകി. അമ്മയുടെ കരുതലോടെയാണ് അവര്‍ അത് ചെയ്തത്. അതിനെ നെഗറ്റീവ് ആയി കാണരുത്. നല്ല ജോലി ചെയ്യുന്നതിലൂടെ ഒരു നിയമസഭാംഗത്തിന് ജനങ്ങളില്‍ നിന്ന് എത്രമാത്രം ആദരവ് നേടാനാകുമെന്നാണ് ഇത് കാണിക്കുന്നു. ഇന്നത്തെ ലോകത്ത്, ആരുടെയും കാലുകള്‍ കഴുകാനോ അത്തരത്തിലുള്ള എന്തെങ്കിലും ചെയ്യാനോ ആരെയും നിര്‍ബന്ധിക്കാനാവില്ല- മിമി മജുംദര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ഫോട്ടോ ഷൂട്ടിന് ശേഷം ഒരു സ്ത്രീക്ക് എംഎല്‍എ മിമി മജൂംദറിന്റെ കാല്‍ കഴുകേണ്ടി വന്നുവെന്ന അടിക്കുറിപ്പോടെയാണ് പ്രതിപക്ഷമായ സിപിഎം ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വീഡിയോ പങ്കുവെച്ചത്.
സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രഘു ദാസ് പറഞ്ഞു. ഇത് ഒരു ഭരണകക്ഷി എംഎല്‍എയുടെ മാനസികാവസ്ഥയാണ് കാണിക്കുന്നത്. പ്രയാസകരമായ സമയങ്ങളില്‍ അവര്‍ക്ക് ജനങ്ങളോട് അനുകമ്പയില്ല. പൊതു ഇമേജ് ഉണ്ടാക്കുന്നതിനുള്ള ഫോട്ടോഷൂട്ടുകളുടെ തിരക്കിലാണ് അവര്‍- അദ്ദേഹം പറഞ്ഞു.