ഫെയർഫാക്സ്- ഹോളിവുഡ് താരം ജോണി ഡെപ്പ് വലിയ സ്വാർഥനും അസൂയക്കാരനുമാണെന്നും തന്നെ നിയന്ത്രിക്കാൻ ശ്രമിച്ചിരുന്നുവെന്നും മുൻ കാമുകിയും നടിയുമായ എലൻ ബാർകിന്റെ മൊഴി. ദേഷ്യക്കാരനായ ഡെപ്പ് ഒരിക്കൽ വൈൻ കുപ്പി വലിച്ചെറിഞ്ഞിരുന്നു. അയാളും താനും തമ്മിലുണ്ടായിരുന്ന ബന്ധം പ്രണയമായിരുന്നില്ലെന്നും ലൈംഗികതയായിരുന്നുവെന്നും അവർ പറഞ്ഞു.
മുൻഭാര്യ ആംബർ ഹേർഡിനെതിരെ ജോണി ഡെപ്പ് നൽകിയ അപകീർത്തി കേസ് വിർജീനിയ ഫെയർഫാക്സിലുള്ള കോടതി പരിഗണിക്കുന്നതിനിടെയാണ് മുൻ കാമുകി എലൻ ബാർകിന്റെ മൊഴി രേഖപ്പെടുത്തിയ വീഡിയോ കാണിച്ചത്. 1990 കളിലെ തങ്ങളുടെ ബന്ധത്തിനിടെ നടൻ ഡെപ്പ് ഒരുപാട് മദ്യപിച്ചിരുന്നുവെന്ന് എലൻ ബാർകിൻ വീഡിയോയിൽ പറഞ്ഞു.
പൈറേറ്റ്‌സ് ഓഫ് ദ കരീബിയൻ നടനുമായുള്ള തന്റെ ബന്ധം ആറ് മാസം വരെ നീണ്ടുനിന്നതായി ബാർകിൻ വെളിപ്പെടുത്തി.
സ്വർഥനും അസൂയക്കാരനുമായ അയാൾ, എവിടെ പോകുന്നു? ആരുടെ കൂടെ പോകുന്നത്? ഇന്നലെ രാത്രി എന്താണ് ചെയ്തത്? തുടങ്ങിയ ചോദ്യങ്ങൾ ചോദിക്കുമായിരുന്നു.
ഒരിക്കൽ എന്റെ മുതുകിൽ ഒരു പോറൽ ഉണ്ടായി, അത് മറ്റൊരാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിൽ നിന്നാണെന്ന് പറഞ്ഞ് ക്ഷുഭിതനായ കാര്യവും നടി വെളിപ്പെടുത്തി. ഡെപ്പ് എപ്പോഴും മദ്യപിക്കുമെന്നും പുകവലിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
1998-ൽ പുറത്തിറങ്ങിയ ഫിയർ ആൻഡ് ലോത്തിംഗ് ഇൻ ലാസ് വെഗാസ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് കുപ്പി എറിഞ്ഞതെന്ന് എലൻ ബാർകിൻ പറഞ്ഞു. എന്തിനാണ് കുപ്പി എറിഞ്ഞതെന്ന് തനിക്കറിയില്ലെന്നും സുഹൃത്തുക്കളുമായോ സഹായിയുമായോ വഴക്കിട്ടിട്ടുണ്ടാകാമെന്നും അവർ പറഞ്ഞു. 50 മില്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡെപ്പിനെതിരെ മുൻ ഭാര്യ നൽകിയ അപകീർത്തി കേസിൽ അടുത്തയാഴ്ച വിചാരണ പുനരാരംഭിക്കും.