ജസ്റ്റിസ് ലോയയുടെ തലയിലെ മുറിവ് മറച്ചുവെച്ചത് മന്ത്രിബന്ധു-കാരവന്‍ റിപ്പോര്‍ട്ട് 

ഡോ. വ്യവഹാരെ- കാരവന്‍ ഫോട്ടോ

മുംബൈ- ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ പ്രതിയായിരുന്ന ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ട ജഡ്ജി ബി.എച്ച്. ലോയയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൃത്രിമം കാണിച്ചത് മഹാരാഷ്ട്ര മന്ത്രിയുടെ ബന്ധുവായ ഡോക്ടറാണെന്ന് വെളിപ്പെടുത്തല്‍. രണ്ടുമാസം നീണ്ട അന്വേഷണത്തിനൊടുവില്‍ കാരവന്‍ മാസികയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നാഗ്പൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റിലായിരുന്നു ദുരുഹമരണത്തെ തുടര്‍ന്ന് ജസ്റ്റിസ് ലോയയുടെ പോസ്റ്റ്‌മോര്‍ട്ടം. റിപ്പോര്‍ട്ടില്‍ എന്തൊക്കെ ഉള്‍പ്പെടുത്തണമെന്നും ഉള്‍പ്പെടുത്തരുതെന്നും തീരുമാനിച്ചിരുന്നത് ഒരു ഡോക്ടറാണെന്ന വിവരമാണ് കൂടുതല്‍ അന്വേഷണത്തിലേക്ക് നയിച്ചത്. അന്വേഷണത്തില്‍ ഇതിനു മുമ്പും മെഡിക്കല്‍ കോളേജില്‍ നടന്ന പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടുകളില്‍ കൃത്രിമം നടത്തിയതിന് ആരോപണം നേരിടുന്നയാളാണ് ഈ ഡോക്ടറെന്ന് വ്യക്തമായി. ലോയ കേസിലെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലും കോടതി രേഖകളിലും തന്റെ പേര് പരാമര്‍ശിക്കപ്പെടാതിരിക്കാനും ഇയാള്‍ ശ്രദ്ധിച്ചു. കേസിനു പിന്നിലുളള തന്റെ പങ്ക് മാധ്യമങ്ങളുടെ ശ്രദ്ധയില്‍ പെടാതെ മറച്ചുവെക്കാനും രാഷ്ട്രീയ സ്വാധീനമുള്ള ഇയാള്‍ക്ക് സാധിച്ചുവെന്ന് കാരവന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.


നാഗ്പൂര്‍ മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗത്തില്‍ ലക്ചററായിരുന്ന ഡോ. എന്‍. തുമരം പോസ്റ്റ് മോര്‍ട്ടം നടത്തിയെന്നാണ് ജസ്റ്റിസ് ലോയ കേസിന്റെ രേഖകളിലുള്ളത്. എന്നാല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ പ്രൊഫസറായിരുന്ന ഡോ. മകരന്ദ് വ്യവഹാരെയാണ് യഥാര്‍ഥത്തില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയത്. നാഗ്പൂരില്‍ തന്നെയുള്ള ഇന്ദിരാഗാന്ധി ഗവ. മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗം മേധാവിയാണ് ഇദ്ദേഹം ഇപ്പോള്‍. മഹാരാഷ്ട്രയിലെ ഡോക്ടര്‍മാരെ മുഴുവന്‍ നിയന്ത്രിക്കുന്ന മഹാരാഷ്ട്ര മെഡിക്കല്‍ കൗണ്‍സില്‍ അംഗം കൂടിയാണ് ഡോ. വ്യവഹാരെ. മഹാരാഷ്ട്ര ധനമന്ത്രി സുധീര്‍ മുംഗന്ദിവറിന്റെ സഹോദരീ ഭര്‍ത്താവായ ഡോ.വ്യവഹാരെ രാഷ്ട്രീയ ബന്ധങ്ങളാല്‍ തന്നെ പ്രമുഖനാണ്. ദേവേന്ദ്ര ഫഡ്‌നാവിസ് നേതൃത്വം നല്‍കുന്ന ബി.ജെ.പി മന്ത്രിസഭയിലെ രണ്ടാമാനാണ് മന്ത്രി സുധീര്‍.
ജസ്റ്റിസ് ലോയയുടെ പോസ്റ്റ്‌മോര്‍ട്ടത്തല്‍ വ്യവഹാരെ അസാധാരണ താല്‍പര്യം കാണിച്ചിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം സമയത്ത് സ്ഥലത്തുണ്ടായിരുന്ന ജീവനക്കാരുമായി അഭിമുഖം നടത്തിയ കാരവന്‍ മാസിക പറയുന്നു. ലോയയുടെ തലയുടെ പിറകിലുണ്ടായിരുന്ന മുറിവ് ശ്രദ്ധയില്‍പെടുത്തിയ ജൂനിയര്‍ ഡോക്ടര്‍മാരോട് പോസ്റ്റ് മോര്‍ട്ടം നടത്തിയിരുന്ന ഡോ. വ്യവഹാരെ കയര്‍ത്തതായും പറയുന്നു. നിര്‍ണായകമായ ഈ മുറിവിന്റെ കാര്യം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പാടില്ലെന്ന് ഡോ. വ്യവഹാരെ നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.  

Latest News