ബെയ്ജിംഗ്-ചൈനയില്‍ വിമാനം തകര്‍ന്നുവീണ സംഭവത്തില്‍ അട്ടിമറിയെന്ന് റിപ്പോര്‍ട്ട്. ബോധപൂര്‍വ്വം അപകടം വരുത്തിതീര്‍ത്തതാണെന്ന് ബ്ലാക്ക്ബോക്സില്‍ നിന്ന് ലഭിച്ച വിവരം സൂചിപ്പിക്കുന്നു. കോക്പിറ്റില്‍ ഉണ്ടായിരുന്ന ആരോ ആണ് ഇതിന് പിന്നിലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. മാര്‍ച്ചില്‍ തെക്കന്‍ ഗുവാങ്സി പ്രവിശ്യയിലാണ് അടുത്തകാലത്തെ ഏറ്റവും വലിയ വിമാനദുരന്തത്തിന് ചൈന സാക്ഷ്യം വഹിച്ചത്. ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സിന്റെ വിമാനമാണ് തകര്‍ന്നത്. 132 യാത്രക്കാരുണ്ടായിരുന്ന വിമാനത്തില്‍ നിന്ന് ആരും തന്നെ രക്ഷപ്പെട്ടില്ല. 700 മൈല്‍ വേഗതയില്‍ സഞ്ചരിക്കുന്നതിനിടെയാണ് വിമാനം തകര്‍ന്നുവീണത്. 28 വര്‍ഷത്തിനിടയിലെ ചൈനയിലെ ഏറ്റവും വലിയ വിമാന ദുരന്തമായിരുന്നു ഇത്.കോക്പിറ്റില്‍ ഉണ്ടായിരുന്ന ആരോ മനഃപൂര്‍വ്വം അപകടം ഉണ്ടാക്കുകയായിരുന്നുവെന്ന് അമേരിക്കന്‍ അധികൃതര്‍ പറയുന്നു. അമേരിക്കന്‍ കമ്പനിയായ ബോയിങിന്റെ ബോയിങ് 737 വിമാനമാണ് തകര്‍ന്നത്. വിമാനത്തിലെ ബ്ലാക്ക്ബോക്സില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അമേരിക്കന്‍ അധികൃതരുടെ വെളിപ്പെടുത്തല്‍. എയര്‍ ട്രാഫിക് കണ്ട്രോളറില് നിന്നുള്ള തുടര്‍ച്ചയായ വിളികള്‍ക്ക് പൈലറ്റ് പ്രതികരിച്ചില്ലെന്നും അധികൃതര്‍ പറയുന്നു.