നവസാരി- ഗുജറാത്തിലെ നവസാരി ജില്ലയില്‍ വിവാഹത്തിന് സമ്മാനമായി ലഭിച്ച കളിപ്പാട്ടം റീചാര്‍ജ് ചെയ്യുന്നതിനിടെ ഉണ്ടായ സ്ഫോടനത്തില്‍ നവവവരനും മരുമകനും ഗുരുതരമായി പരിക്കേറ്റു.
രണ്ട് ദിവസം മുമ്പായിരുന്നു ഗംഗാപൂര്‍ ഗ്രാമത്തില്‍ നിന്നുള്ള യുവതിയുമായി ലതേഷ് ഗവിത് എന്നയാളുടെ വിവാഹം. വിവാഹത്തില്‍ ഇരുവര്‍ക്കും ബന്ധുക്കളും സുഹൃത്തുക്കളും സമ്മാനങ്ങള്‍ നല്‍കിയിരുന്നു.
ഗാവിത് അനന്തരവന് ജിയാനോടൊപ്പം മറ്റ് കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ സമ്മാനങ്ങള്‍ അഴിച്ചു നോക്കുമ്പോഴായിരുന്നു സ്ഫോടനം. സമ്മാനപ്പൊതികളിലൊന്നില് റീചാര്‍ജ് ചെയ്യാവുന്ന കളിപ്പാട്ടമാണ് ഇരുവരും ചേര്‍ന്ന് റീചാര്‍ജ് ചെയ്യാന്‍ ശ്രമിച്ചത്. സ്ഫോടനത്തില്‍ ഇരുവര്‍ക്കും പരിക്കേല്‍ക്കുകയായിരുന്നു. ഗവിതിന്റെ കൈകളിലും തലയിലും കണ്ണിലുമാണ് പരിക്ക്. മൂന്നു വയസ്സായ ജിയാന്റെ തലയ്ക്കും കണ്ണിനും ഗുരുതരമായി പരിക്കേറ്റു. ഇരുവരെയും നവസാരി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വധുവിന്റെ മൂത്ത സഹോദരിയുമായി പ്രണയത്തിലായിരുന്ന കൊയമ്പ സ്വദേശിയായ രാജു പട്ടേലാണ് കളിപ്പാട്ടം സമ്മാനിച്ചതെന്ന് കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തി. വധുവിന്റെ സഹോദരിയും പിന്നീട് തെറ്റിപ്പിരിഞ്ഞിരുന്നു.
ഗാവിതിന്റെ കുടുംബാംഗങ്ങള്‍ വാന്‍സ്ദ പോലീസ് സ്റ്റേഷനില്‍ പരാതി നല്കി.