പേരാമ്പ്ര- മികച്ച വേഷങ്ങൾക്കൊണ്ട് പ്രേക്ഷക പ്രീതി നേടിയ താരമാണ് രജിഷ വിജയൻ. ആസിഫ് അലിയും രജീഷ വിജയനും കേന്ദ്രകഥാപാത്രങ്ങളായ 'എല്ലാം ശരിയാകും' എന്ന ചിത്രമാണ് താരത്തിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. ഇപ്പോഴിതാ ഐറ്റം ഡാൻസുമായി ബന്ധപ്പെട്ടുള്ള താരത്തിന്റെ ഒരു പ്രസ്താവനയാണ് ഇപ്പോൾ വൈറലാകുന്നത്.
ഐറ്റം ഡാൻസ് കളിക്കാൻ തനിക്ക് ഇഷ്ടമല്ലെന്നും, അതിന് കാരണങ്ങളുണ്ടെന്നും രജിഷ പറയുന്നു. 'ഐറ്റം ഡാൻസ് കളിക്കാൻ എനിക്ക് ഇഷ്ടമല്ല. ഗ്ലാമറസായുള്ള റോളുകളോ, അല്ലെങ്കിൽ ആ രീതിയിലുള്ള വസ്ത്രങ്ങൾ ഇടില്ല എന്നൊന്നും ഞാൻ ഒരിക്കലും പറയില്ല. അത് പോലുള്ള വേഷങ്ങൾ ഞാൻ അശ്ലീലമായി കാണാത്തിടത്തോളം എനിക്ക് അതിൽ പ്രശ്‌നമില്ല. എന്റെ ശരീരത്തിന് അനുയോജ്യമാണെങ്കിൽ ഞാൻ അത്തരം വസ്ത്രങ്ങൾ ധരിക്കും. കൈ കാണിക്കില്ല, വയറ് കാണിക്കില്ല എന്നത് പോലുള്ള പ്രശനങ്ങളൊന്നും എനിക്കില്ല. അത് ഭംഗിയായും സൗന്ദര്യാത്മകമായും കാണിച്ചിരിക്കുന്നിടത്തോളം എനിക്ക് ഒരു പ്രശ്‌നവുമില്ല. എന്നാൽ അതിനെ ഒബ്ജക്ടിഫൈ ചെയ്യുന്നതാണ് എനിക്ക് പ്രശ്‌നം.
ഐറ്റം ഡാൻസിലുള്ള എന്റെ പ്രശ്‌നത്തെ കുറിച്ച് പറയുകയാണെങ്കിൽ അതിലെ പാട്ടും, പാട്ടിലെ വരികളും, ക്യാമറ ആംഗിളും, സൂം ചെയ്യുന്ന രീതിയും, അതിലെ ഡാൻസ് മൂവ്‌മെന്റ്‌സുമൊക്കെയാണ്. ഇതൊക്കെ ഒരു മനുഷ്യ ശരീരത്തെ ഒബ്ജക്ടിഫൈ ചെയ്യുകയാണ്.അത് ആണാണെങ്കിലും പെണ്ണാണെങ്കിലും അങ്ങനെയാണ്.അങ്ങനെ ഒബ്ജക്ടിഫിക്കേഷൻ നടത്തുന്ന ഒരു കാര്യത്തിന്റെയും ഭാഗമാവാൻ എനിക്ക് താൽപര്യമില്ല.' രജിഷ വിജയൻ പറഞ്ഞു.