പത്തനംതിട്ട- സിനിമാ രംഗത്ത് പ്രവര്‍ത്തിച്ച് അവസാനം ആരും നോക്കാനില്ലാത്തവരെ സംരക്ഷിക്കാന്‍ സംസ്ഥാന ഗവണ്‍മെന്റ് തീരുമാനിച്ചു. ഇവര്‍ക്കായി ഒരു കെട്ടിടം പണിയാന്‍ പോകുന്നുവെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. പത്തനാപുരം ഗാന്ധിഭവനില്‍ നടന്ന പരിപാടിയില്‍ വച്ചായിരുന്നു മന്ത്രിയുടെ പ്രസ്താവന. ധൈര്യമായി അഭിനയിച്ചോളാനും ഭാവിയില്‍ ആരും നോക്കാന്‍ ഇല്ലാതെ വന്നാല്‍ സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും സജി ചെറിയാന്‍ പറഞ്ഞു.
'മാധവന്‍ ചേട്ടനെ കണ്ടതാണ് തീരുമാനത്തിന് പിന്നില്‍. അറുന്നൂറോളം സിനിമയില്‍ അഭിനയിച്ച മാധവന്‍ ചേട്ടന്‍ എങ്ങനെ ഗാന്ധി ഭവനില്‍ എത്തിയെന്ന് താന്‍ ചിന്തിച്ചു. ഗാന്ധി ഭവനില്‍ അദ്ദേഹം നൂറ് ശതമാനം സുരക്ഷിതനാണ്. പക്ഷേ ആര്‍ക്കും അങ്ങനെ എത്തേണ്ടി വരും. ഇന്നൊരു മാധവന്‍ ചേട്ടനാണെങ്കില്‍ നാളെ ഒരു സജി ചെറിയാന്‍. ആര്‍ക്കും അവിടെ എത്തേണ്ടി വരും' സജി ചെറിയാന്‍ പറഞ്ഞു.
'അമ്മ'യുടെ ആദ്യത്തെ സെക്രട്ടറിയാണ്. 'അമ്മ'യുടെ ആരുമിപ്പോള്‍ ആ അപ്പനെ നോക്കുന്നില്ലെന്നതാണ് വേറെ പ്രശ്‌നം. ഗവണ്‍മെന്റ് ആലോചിച്ച് തീരുമാനമെടുത്തു. മനോഹരമായ സംരക്ഷണ കേന്ദ്രം ഈ വര്‍ഷം തന്നെ പണിയുമെന്നും ആദ്യത്തെ അന്തേവാസിയായി മാധവന്‍ ചേട്ടനെത്തന്നെ കൊണ്ടുപോകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഗാന്ധിഭവനിലെ പരിപാടിക്കിടെ ടിപി മാധവനെ കണ്ടകാര്യം തനിക്കു ഷോക്കായെന്ന് നവ്യ നായരും പറഞ്ഞു. 'അദ്ദേഹം ഇവിടെയായിരുന്നെന്ന് എനിക്കറിയില്ലായിരുന്നു, പെട്ടെന്ന് കണ്ടപ്പോള്‍ എന്റെ കണ്ണൊക്കെ നിറഞ്ഞു; ഗാന്ധിഭവനിലെ പരിപാടിക്കിടെ ശബ്ദമിടറി നവ്യ പറഞ്ഞു. ഗാന്ധിഭവന്‍ റൂറല്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം വാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു നടി.
ഇവിടെ വന്നപ്പോള്‍ തന്നെ ടി പി മാധവന്‍ ചേട്ടനെ കണ്ടു. കല്യാണരാമനും, ചതിക്കാത്ത ചന്തുവുമൊക്കെ ഞങ്ങള്‍ ഒന്നിച്ചഭിനയിച്ച സിനിമകളായിരുന്നു. അദ്ദേഹം ഇവിടെയായിരുന്നെന്ന കാര്യം എനിക്കറിയില്ലായിരുന്നു. പെട്ടെന്ന് കണ്ടപ്പോള്‍ വലിയൊരു ഷോക്കായിരുന്നു. നമ്മുടെയൊന്നും കാര്യം പറയാന്‍ പറ്റില്ല എന്നുള്ളത് എത്ര സത്യമാണെന്ന് എനിക്ക് തോന്നിപ്പോയി' നവ്യ പറഞ്ഞു.