Sorry, you need to enable JavaScript to visit this website.

കീറിയ ജീന്‍സ് വിവാദത്തിന് സോഷ്യല്‍ മീഡിയയില്‍ വലിയ പിന്തുണ ലഭിച്ചു

ഡെറാഡൂണ്‍- കഴിഞ്ഞ വര്‍ഷം വിവാദം സൃഷ്ടിച്ച കീറിയ ജീന്‍സ് സംബന്ധിച്ച  തന്റെ പരാമര്‍ശത്തില്‍ ഖേദമില്ലെന്നും നിലപാട് മാറ്റമില്ലാതെ തുടരുമെന്നും മുന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത് സിംഗ് റാവത്ത്.

ജീന്‍സ് ധരിക്കുന്നതിന് ഞാനൊരിക്കലും എതിരായിരുന്നില്ല. ചെറുപ്പത്തില്‍ ഞാനത് ധരിച്ചിരുന്നു. കീറിയ ജീന്‍സിനെതിരെയാണ് എന്റെ പ്രസ്താവന. അതില്‍ ഉറച്ചുനില്‍ക്കുന്നു. മാര്‍ക്കറ്റില്‍ നിന്ന് പുതിയ ജോഡി ജീന്‍സ് വാങ്ങി അവിടെയും ഇവിടെയും കത്രിക കൊണ്ട് കീറിയല്ലേ ധരിക്കുന്നതെന്ന്  റാവത്ത് മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു. ഉത്തരാഖണ്ഡിലെ പൗരി ജില്ലയില്‍ ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്‌നെസ് (ഇസ്‌കോണ്‍) നടത്തിയ  പരിപാടിക്കിടെയാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരെ കണ്ടത്.
മുഷിഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നത് ഒരിക്കലും ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമല്ലെന്നും ഇന്ത്യയിലെ ആളുകള്‍ കീറിയ ജീന്‍സ് ധരിച്ച് ചടങ്ങുകളില്‍ പങ്കെടുക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.
വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ ഇന്ത്യന്‍ സംസ്‌കാരം സ്വീകരിക്കുമ്പോള്‍ പാശ്ചാത്യരെ അനുകരിക്കാനുള്ള ശ്രമത്തില്‍ ഇന്ത്യക്കാര്‍ സ്വന്തം സംസ്‌കാരം ഉപേക്ഷിക്കുന്നത് വിചിത്രമാണെന്ന് പരമ്പരാഗത ഇന്ത്യന്‍ വസ്ത്രങ്ങളായ ധോത്തിയും കുര്‍ത്തയും ധരിക്കുന്ന ഇസ്‌കോണിലെ യൂറോപ്യന്‍ ഭക്തരെ പരാമര്‍ശിച്ച് റാവത്ത് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ മുഖ്യമന്ത്രിയായതിന് തൊട്ടുപിന്നാലെ റാവത്ത് നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിവാദം സൃഷ്ടിച്ചിരുന്നു.
തന്റെ പ്രസ്താവന ഒരു വിഭാഗം മാധ്യമങ്ങളില്‍ രോഷത്തിന് ഇടയാക്കിയിരിക്കാമെന്നും എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വലിയ പിന്തുണ ലഭിച്ചിരുന്നുവെന്നും മുന്‍ മുഖ്യമന്ത്രി പറഞ്ഞു.
പ്രസ്താവനകള്‍ പലപ്പോഴും വിവാദത്തിലാക്കിയ റാവത്തിന് മുഖ്യമന്ത്രിയായി നാല് മാസത്തില്‍ താഴെയുള്ള ഏറ്റവും കുറഞ്ഞ കാലയളവ് മാത്രമാണ് ലഭിച്ചിരുന്നത്.
200 വര്‍ഷം ഇന്ത്യ ഭരിച്ചത് അമേരിക്കയാണ് എന്ന മറ്റൊരു പരാമര്‍ശത്തിലൂടെ അദ്ദേഹത്തിന്റെ ചരിത്ര വിജ്ഞാനവും പ്രതിപക്ഷം വിവാദത്തിലാക്കിയിരുന്നു.

 

Latest News