ന്യൂദല്‍ഹി- റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് പഠനം പൂര്‍ത്തിയാക്കാനാകാതെ ഉക്രൈനില്‍നിന്ന് മടങ്ങിയ വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍ സീറ്റ് നല്‍കിയ പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ നടപടി കേന്ദ്രസര്‍ക്കാര്‍ തടഞ്ഞു. നിലവിലെ ചട്ടപ്രകാരം ഇത് അനുവദിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണു നടപടി.
ദേശീയ മെ!ഡിക്കല്‍ കമ്മിഷന്റെ ചട്ടപ്രകാരം വിദേശത്തുനിന്നു പഠനം പൂര്‍ത്തിയാക്കിയവര്‍ 12 മാസം പ്രാക്ടീസോ ഇന്റേണ്‍ഷിപ്പോ ചെയ്തിരിക്കണം. അതിനു ശേഷം ഫോറിന്‍ മെഡിക്കല്‍ ഗ്രാജുവേഷന്‍ പരീക്ഷ എഴുതിയാണ് ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യാന്‍ അനുവാദം നല്‍കുക. കോഴ്‌സ് പകുതിക്കുവച്ചു മുടങ്ങിയവര്‍ക്ക് ഇന്ത്യയില്‍ തുടര്‍പഠനം നടത്താനായി ചട്ടം അനുവദിക്കുന്നില്ല.
ഉക്രൈനില്‍നിന്ന് പശ്ചിമ ബംഗാളില്‍ മടങ്ങിയെത്തിയ 412 വിദ്യാര്‍ഥികള്‍ക്കു വേണ്ടിയാണു തുടര്‍പഠനവുമായി ബന്ധപ്പെട്ട നിര്‍ണായക തീരുമാനം മമത സര്‍ക്കാര്‍ കൈക്കൊണ്ടത്. 172 വിദ്യാര്‍ഥികള്‍ക്കു രണ്ടാം വര്‍ഷവും മൂന്നാം വര്‍ഷവും പഠനം നടത്താനുള്ള അവസരമൊരുക്കാനായിരുന്നു തീരുമാനം. 132 വിദ്യാര്‍ഥികള്‍ക്കു പ്രാക്ടിക്കല്‍ ചെയ്യുന്നതിനുള്ള സൗകര്യവുമൊരുക്കി. ഇതോടെയാണ് ദേശീയ മെഡിക്കല്‍ കമ്മിഷനും കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഇടപെട്ടത്.