Sorry, you need to enable JavaScript to visit this website.

ബി.ജെ.പി രാജ്യത്തെ നരകത്തിലേക്ക് നയിച്ചു, സഖ്യമുണ്ടാക്കി 25 വര്‍ഷം പാഴാക്കി-ഉദ്ധവ് താക്കറെ

മുംബൈ- ബിജെപിയുമായി സഖ്യത്തിലേര്‍പ്പെട്ടതു കാരണം  25 വര്‍ഷം പാഴാക്കിയെന്നും ഈ വ്യാജ ഹിന്ദുത്വ പാര്‍ട്ടിയാണ് രാജ്യത്തെ നരകത്തിലേക്ക് നയിച്ചതെന്നും  മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ.
മുംബൈയില്‍ നടന്ന ശിവസേന റാലിയില്‍ വന്‍ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ബിജെപി വ്യാജ ഹിന്ദുത്വ ബുര്‍ഖ ധരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കശ്മീര്‍  താഴ്‌വരയില്‍ പണ്ഡിറ്റിനെ കൊലപ്പെടുത്തിയ സംഭവത്തില്‍  പ്രശ്‌നം പരിഹരിക്കാന്‍ എന്തേ ഹനുമാന്‍ ചാലിസ ജപിക്കാന്‍ പോകുന്നില്ലേ എന്ന് ഉദ്ധവ് താക്കറെ ബി.ജെ.പിയോട് ചോദിച്ചു.
'വ്യാജ ഹിന്ദുത്വ ബുര്‍ഖ ധരിക്കുന്ന ഒരു പാര്‍ട്ടി ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു. ഹിന്ദുത്വത്തിന്റെ സംരക്ഷകര്‍ തങ്ങളാണെന്നാണ് ബി.ജെ.പി നടിക്കുന്നത്. പിന്നെ ഈ ശിവസൈനികരെല്ലാം ആരാണെന്ന് അലറി വിളിച്ച ജനക്കൂട്ടത്തോട് അദ്ദേഹം ചോദിച്ചു.

മുംബൈക്ക് സ്വാതന്ത്ര്യം നല്‍കുമെന്നാണ് ബി.ജെ.പി നേതാവ് ഫഡ്‌നാവിസ് പറയുന്നത്. അദ്ദേഹം തന്റെ ബോസിന്റെ വരി ആവര്‍ത്തിക്കുകയാണ്.ഞാന്‍ ഫഡ്‌നാവിസിനോട് പറയാന്‍ ആഗ്രഹിക്കുന്നു. ത്യാഗം സഹിച്ചാണ് ഞങ്ങള്‍ മുംബൈ നേടിയത്. മുംബൈയില്‍ കണ്ണുവെച്ചിരിക്കുന്ന ആരെയും ഞങ്ങള്‍ അവസാനിപ്പിക്കും-ഉദ്ധവ് താക്കറെ മുന്നറിയിപ്പ് നല്‍കി.
രാജ്യത്തെ  പണപ്പെരുപ്പത്തെക്കുറിച്ച് ആരും ഒന്നും പറയുന്നില്ല,
പ്രധാനമന്ത്രി നരേന്ദ്ര മോഡി ഈയിടെ കോവിഡിനെക്കുറിച്ച് ഒരു യോഗം നടത്തി. ഇന്ധന നികുതി കുറയ്ക്കണമെന്നാണ് അദ്ദേഹം  കോവിഡിന് പരിഹാരമായി ഞങ്ങളോട് പറഞ്ഞത്.
ബിജെപിയുടെ വൃത്തികെട്ട മുഖമാണ് നമ്മള്‍ കാണുന്നത്. ഒരു ഘട്ടത്തില്‍ ബാലേസാഹെബ് താക്കറെ ബിജെപിയെ സഹായിച്ചതില്‍ എനിക്ക് വളരെ വിഷമം തോന്നുന്നു. ബിജെപി എന്റെ കുടുംബത്തെ ആക്രമിക്കുന്നതുപോലെ സാമ്‌നയില്‍ എപ്പോഴെങ്കിലും പ്രധാനമന്ത്രി മോഡിയുടെ കുടുംബത്തെ ഞങ്ങള്‍ ആക്രമിച്ചിട്ടുണ്ടോ? ഇത് ഞങ്ങളുടെ സംസ്‌കാരമാണ്. സംസ്‌കാരം ഹിന്ദുത്വത്തില്‍ നിന്നാണ്- അദ്ദേഹം പറഞ്ഞു.
ദാവൂദ് ഇബ്രാഹിമിന് പോലും പാര്‍ട്ടി ടിക്കറ്റ് നല്‍കാന്‍ അവര്‍ക്ക് കഴിയും, രാജ്യത്തെ സ്ഥിതി വളരെ അപകടകരമാണ്. വിശ്വസിച്ച് വോട്ട് ചെയ്ത് അധികാരത്തിലെത്തിച്ചവരെയാണ് പിന്നില്‍ നിന്ന് കുത്തുന്നതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് മഹാമാരി സമയത്ത് മഹാരാഷ്ട്രയാണ് ഏറ്റവും നന്നായി പ്രവര്‍ത്തിച്ചതെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അവകാശപ്പെട്ടു.

 

Latest News