Sorry, you need to enable JavaScript to visit this website.

വസ്ത്രത്തിന്റെ കൈകള്‍ മുറിച്ചുമാറ്റി; കരഞ്ഞുകൊണ്ട് യുവതികള്‍

ഭരത്പൂര്‍- രാജസ്ഥാനില്‍ പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷ എഴുതാനെത്തിയ വനിതാ ഉദ്യോഗാര്‍ഥികളുടെ വസ്ത്രങ്ങളുടെ നീളന്‍ കൈ പോലീസ് ഉദ്യോഗസ്ഥ കത്രിക ഉപയോഗിച്ച് മുറിച്ചു. കോപ്പിയടി തടയാനുള്ള നടപടികളുടെ ഭാഗമായാണ് ഉദ്യോഗാര്‍ഥികളെ പ്രയാസത്തിലാക്കിയ നടപടി. ഭരത്പൂരിലെ പരീക്ഷാ കേന്ദ്രത്തില്‍ വസ്ത്രങ്ങളുടെ കൈ മുറിച്ചുമാറ്റുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു.


ഒരു വനിതാ പോലീസുകാരി കത്രിക ഉപയോഗിച്ച്  കൈകള്‍ വെട്ടിമാറ്റുന്നത് വീഡിയോയില്‍ കാണാം. ഫുള്‍കൈ വസ്ത്രം ധരിച്ചെത്തിയ യുവതികളുടെ വസ്ത്രങ്ങളാണ് പരീക്ഷാ കേന്ദ്രത്തിന് പുറത്തുള്ള സെക്യൂരിറ്റിയുടെ നേതൃത്വത്തില്‍ മുറിച്ചുമാറ്റിയത്.


പലരും തങ്ങളുടെ വസ്ത്രങ്ങള്‍ മുറിച്ചതിനെ തുടര്‍ന്ന് കരഞ്ഞു.  ഇതിനുപുറമെ, പരീക്ഷയെഴുതാനെത്തിയ വിവാഹിതരായ സ്ത്രീകളോട് അവര്‍ ധരിച്ചിരുന്ന ചെയിനും മറ്റ് ആഭരണങ്ങളും അഴിച്ചുമാറ്റാന്‍ പോലീസ് ആവശ്യപ്പെട്ടു.

 

ഒരു മിനിറ്റ് വൈകി പരീക്ഷാ കേന്ദ്രത്തിലെത്തിയ ഉദ്യോഗാര്‍ത്ഥിയെ കേന്ദ്രത്തില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ല. താന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി ആവര്‍ത്തിച്ച് പറഞ്ഞെങ്കിലും അധികൃതര്‍ പരീക്ഷ എഴുതാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന്  നിരാശയോടെ മടങ്ങി.

ഭരത്പൂര്‍ ജില്ലയില്‍ 3,000 ഉദ്യോഗാര്‍ത്ഥികളാണ് പരീക്ഷയെഴുതാന്‍ എത്തിയതെന്ന് എഎസ്പി അനില്‍ മീണ പറഞ്ഞു. എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും സുരക്ഷ ഒരുക്കിയിരുന്നുവെന്നും സമാധാന അന്തരീക്ഷത്തിലാണ് പരീക്ഷ നടന്നതെന്നും എഎസ്പി പറഞ്ഞു.

ഹാഫ് സ്ലീവ് ടീ ഷര്‍ട്ട്, ഷര്‍ട്ട്, സ്യൂട്ട്, സാരി എന്നിവ ധരിച്ച് വരണമെന്നും മുടിക്ക് ലളിതമായ റബ്ബര്‍ ബാന്‍ഡ് മാത്രമേ ഉപയോഗിക്കാവൂയെന്നും സര്‍ക്കാര്‍ നേരത്തെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു.

പരീക്ഷാ കേന്ദ്രത്തിനുള്ളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്നും ചെയിന്‍, മോതിരം, കമ്മലുകള്‍, ലോക്കറ്റ് എന്നിവ ധരിക്കാന്‍ അനുവദിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു.

 

Latest News