ചെന്നൈ- തമിഴ്നാട്ടില്‍ 11 വയസുകാരന് നേരെ ജാതി അധിക്ഷേപം. കുട്ടിയെ അധിക്ഷേപിച്ച് തീയിലേക്ക് തള്ളിയിട്ട് പൊള്ളലേല്‍പ്പിച്ചതിന് മൂന്നു വിദ്യാര്‍ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തു. പട്ടികജാതി-പട്ടികവര്‍ഗ നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തത്. വിഴുപുരം ജില്ലയിലെ തിണ്ടിവനം ടൗണിലെ കാട്ടുചിവിരി സര്‍ക്കാര്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ജാതീയമായി അധിക്ഷേപിക്കപ്പെടുകയും അക്രമിക്കപ്പെടുകയും ചെയ്തത്.
തിങ്കളാഴ്ച വൈകിട്ട് നാലരയോടെ മുത്തശ്ശിയെ കാണാനായി പോയതായിരുന്നു കുട്ടി. എന്നാല്‍ നെഞ്ചിലും തോളിലും പൊള്ളലേറ്റ നിലയിലായിരുന്നു വീട്ടില്‍ തിരിച്ചെത്തിയത്. തീപിടിച്ച കുറ്റിക്കാട്ടിലേക്ക് കാല്‍വഴുതി വീണതാണെന്നാണ് കുട്ടി വീട്ടില്‍ പറഞ്ഞത്.
കുട്ടിയെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴാണ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ജാതി അധിക്ഷേപം നടത്തുകയും കുറ്റിക്കാട്ടിലെ തീയിലേക്ക് തള്ളിയിട്ടെന്നും വെളിപ്പെടുത്തിയത്. കുട്ടി ഒറ്റയ്ക്ക് റോഡിലൂടെ നടന്നു പോകുമ്പോഴായിരുന്നു കുറ്റിക്കാട്ടിലേക്ക് തള്ളിയിട്ടത്.