Sorry, you need to enable JavaScript to visit this website.

ഹിന്ദു സന്ന്യാസിമാരെ അപമാനിച്ചു; ദളിത് പ്രൊഫസര്‍ക്കെതിരെ കേസ്

ലഖ്‌നൗ- കാശി വിശ്വനാഥ ക്ഷേത്രത്തെയും ഹിന്ദു സന്ന്യാസിമാരെയും കുറിച്ച്  അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ലഖ്‌നൗ സര്‍വകലാശാലയിലെ ഹിന്ദി വിഭാഗം പ്രൊഫസര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. മെയ് 10 ന് നടന്ന സംവാദ പരിപാടിയില്‍ വിവാദ പരാമര്‍ശം നടത്തിയെന്നാരോപിച്ചാണ് പ്രൊഫ. രവികാന്ത് ചന്ദനെതിരെ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത് (എ.ബി.വി.പി) പരാതി നല്‍കിയത്. വിദ്യാര്‍ഥികള്‍  ലഖ്‌നൗ സര്‍വകലാശാലയില്‍ പ്രതിഷേധ പ്രകടനം നടത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ് പോലീസ് കേസെടുത്തത്.
മതവികാരം വ്രണപ്പെടുത്തുകയും സമൂഹമാധ്യമങ്ങളിലൂടെ കുപ്രചാരണം നടത്തി സര്‍വകലാശാലയുടെ പ്രതിച്ഛായ മോശമാക്കുകയും ചെയ്തതിന് ഹസന്‍ഗഞ്ച് പോലീസ് സ്‌റ്റേഷനിലാണ് പ്രൊഫസര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. വിദ്യാര്‍ഥികളുടെ പരാതികള്‍ക്ക് രേഖാമൂലം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് സര്‍വകലാശാലാ അധികൃതര്‍ പ്രൊഫസറോട് വിശദീകരണം തേടിയിട്ടുമുണ്ട്. സര്‍വകലാശാലയിലെ വിദ്യാര്‍ഥി അമന്‍ ദുബെയാണ് പോലീസില്‍ പരാതി നല്‍കിയത്.
പ്രൊഫസര്‍ ഹിന്ദു വിദ്യാര്‍ത്ഥികളുടെ വികാരം വ്രണപ്പെടുത്തിയെന്നും സര്‍വകലാശാലയിലെ ഐക്യം തകര്‍ക്കാന്‍ ശ്രമിച്ചെന്നും ദുബെ പരാതിയില്‍ ആരോപിച്ചു. വീഡിയോ ചോര്‍ന്നതിനെത്തുടര്‍ന്ന് പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ കൈകാര്യം ചെയ്യാന്‍  പ്രൊഫസര്‍ ഗുണ്ടകളെ വിളിച്ചുവെന്നും ഇതുമൂലം സര്‍വകലാശാലയുടെയും വിദ്യാര്‍ഥികളുടെയും പ്രതിച്ഛായ മോശമാവുകയാണെന്നും പരാതിയില്‍ പറഞ്ഞു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്്ഷന്‍ 153എ, 504, 505(2), ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഭേദഗതി) നിയമത്തിലെ സെക്്ഷന്‍ 166 എന്നിവ പ്രകാരമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

 

 

Latest News